Sunday, April 28, 2024
keralaNewspolitics

നിയമസഭയില്‍ കറുത്ത ഷര്‍ട്ടും കറുത്ത മാസ്‌ക്കും ധരിച്ച് പ്രതിപക്ഷത്തെ യുവ എംഎല്‍എമാര്‍

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തി്‌നറെ തുടക്കം തന്നെ പ്രതിഷേധത്തില്‍. നിയമസഭയില്‍ കറുത്ത ഷര്‍ട്ടും കറുത്ത മാസ്‌ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎല്‍എമാര്‍ എത്തിയത്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍ എന്നിവരാണ് കറുപ്പണിഞ്ഞെത്തിയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടികളില്‍ കറുത്ത മാസ്‌കിനും വസ്ത്രത്തിനുമുണ്ടായ ‘അപ്രഖ്യാപിത വിലക്ക്’ വലിയ ചര്‍ച്ചായിരുന്നു. ഇതിന് പിന്നാലെയാണ് യുവ എംഎല്‍എമാര്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് സഭയിലെത്തിയത്. പ്ലക്കാഡുകളും ബാനറുകളുമുയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.പതിനഞ്ചാം കേരളാ നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാകുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ ആക്രമിച്ചതില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ് പ്രതിപക്ഷം. കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ദിഖാണ് നോട്ടീസ് നല്‍കിയത്. വിഷയം നിയമസഭയില്‍ ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷ നീക്കം. .എസ്എഫ്‌ഐയുടെ കൈവിട്ട കളിയില്‍ സര്‍ക്കാരാകട്ടെ കനത്ത പ്രതിരോധത്തിലാണ്. സമരത്തെ തള്ളിപ്പറഞ്ഞതുകൊണ്ട് മാത്രം പ്രശ്‌നം തീരില്ലെന്ന് പ്രതിപക്ഷം ഉറപ്പിക്കുമ്പോള്‍ പ്രശ്‌നം ആദ്യ ദിവസം തന്നെ സഭാതലത്തില്‍ വിഷയം കത്തിക്കയറുമെന്ന് ഉറപ്പായി.

അതേ സമയം, സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ ആരോപണവും ചര്‍ച്ചയാകും. തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്താത്ത പിണറായി വിജയന് സ്വര്‍ണ്ണക്കടത്ത് ആക്ഷേപത്തില്‍ എന്ത് പറയാനുണ്ടെന്ന് സഭാ സമ്മേളനത്തില്‍ വ്യക്തമാകും. സില്‍വര്‍ ലൈന്‍ മുതല്‍ ബഫര്‍ സോണ്‍ വരെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടുകളില്‍ നെല്ലും പതിരും തിരിയും വിധം ഇഴകീറിയ ചര്‍ച്ച നടക്കും.