Monday, May 6, 2024
keralaNews

കുഞ്ഞനിയന്റെ പിണക്കം മാറ്റാന്‍ 5 കിലോഗ്രാം തൂക്കത്തില്‍ കത്തെഴുതി ചേച്ചി

പീരുമേട് :കൃഷ്ണപ്രിയ തന്റെ കുഞ്ഞനിയന്റെ പരിഭവം മറയ്ക്കുന്നതിന് എഴുതിത്തുടങ്ങിയ കത്ത് അവസാനിച്ചത് 12 മണിക്കൂറിനു ശേഷം. ഇത് അയയ്ക്കുന്നതിനു തപാല്‍ വകുപ്പില്‍ എത്തിച്ചു പരിശോധിച്ചപ്പോള്‍ 5 കിലോഗ്രാം തൂക്കം, 434 മീറ്റര്‍ നീളം, 15 മീറ്റര്‍ വീതി. സഹോദരനു കത്ത് എത്തിക്കുന്നതിനു കൃഷ്ണപ്രിയ ചെലവഴിച്ചത് 235 രൂപയുടെ സ്റ്റാംപ്. പെരുവന്താനം പഞ്ചായത്ത് ഓഫിസിലെ സിവില്‍ എന്‍ജിനീയര്‍ കൃഷ്ണപ്രിയ സഹോദരന്‍ കൃഷ്ണപ്രസാദിന് അയച്ച കത്തിന്റെ വിശേഷങ്ങളാണ് ഇതെല്ലാം. രാജ്യാന്തര സഹോദര ദിനത്തില്‍ മുടക്കം കൂടാതെ കൃഷ്ണപ്രിയ തന്റെ കൂടപ്പിറപ്പിനു കത്തയച്ചിരുന്നു. എന്നാല്‍ ഇത്തവണ ജോലിത്തിരക്കു മൂലം കത്ത് എഴുതുന്നതിനു സമയം കിട്ടിയില്ല.

കത്ത് ലഭിക്കാതെ വന്നതോടെ സഹോദരന്‍ പിണക്കത്തിലായി. കൃഷ്ണപ്രിയയുടെ ഫോണ്‍ എടുക്കുന്നതിനു തയാറായില്ല. ഇതോടെ അനിയന്റെ പിണക്കം തീര്‍ക്കുന്നതിനു നീണ്ട കത്ത് എഴുതാന്‍ സഹോദരി തീരുമാനിക്കുകയായിരുന്നു. തന്നെക്കാള്‍ 7വയസ്സിന് ഇളയ സഹോദരന്റെ ജനനം മുതല്‍ ഓര്‍ത്തെടുക്കുന്നതാണു കത്ത് എന്നു കൃഷ്ണപ്രിയ പറഞ്ഞു.7 വയസ്സു പ്രായം വരുന്ന തനിക്ക് അമ്മയെ പ്രസവത്തിന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതു മുതലുളള കാര്യങ്ങള്‍ വ്യക്തമായി ഓര്‍മയുണ്ടായിരുന്നു. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനു പുറത്തു നിന്ന തന്റെ കൈകളിലാണു കുഞ്ഞനുജനെ ആദ്യം ഏറ്റുവാങ്ങിയത്. ചെറുപ്പം മുതല്‍ ഡയറി എഴുതി തുടങ്ങിയ താന്‍ അനുജന്‍ നീന്താന്‍ തുടങ്ങിയ കാലം മുതലുളള കാര്യങ്ങള്‍ കുറിപ്പ് ആയി സൂക്ഷിച്ചു.

ഡയറിയുടെ സഹായത്തോടെ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് എഴുതിയത്. കത്തിന് വലുപ്പം കൂടാന്‍ ഇത് ഇടയാക്കിയെന്നു കൃഷ്ണപ്രിയ പറയുന്നു. പാമ്പനാര്‍ പന്തലാട് വീട്ടില്‍ ശശിയുടെയും പീരുമേട് പഞ്ചായത്തിലെ കുടുംബശ്രീ അധ്യക്ഷ ശശികലയുടെയും മക്കളാണു കൃഷ്ണപ്രിയയും കൃഷ്ണ പ്രസാദും.ലോകസമാധാനം എന്ന വിഷയം ഉയര്‍ത്തി വണ്ടിപ്പെരിയാര്‍ സ്വദേശിയായ റീഗന്‍ ജോണ്‍സന്‍ എഴുതിയ 100 കിലോഗ്രാം തൂക്കം വരുന്ന ഭീമന്‍ കത്ത് മുന്‍പു ചരിത്രത്തില്‍ ഇടം തേടിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍, ജോണ്‍ പോള്‍ മാര്‍പാപ്പ എന്നിവര്‍ക്കായിരുന്നു രണ്ടു പതിറ്റാണ്ടു മുന്‍പ് ജോണ്‍സണ്‍ കത്ത് എഴുതി റെക്കോര്‍ഡ് സ്ഥാപിച്ചത്.