Sunday, May 5, 2024
Newspolitics

താരമൂല്യം വോട്ടായില്ല; കൂട്ടത്തോടെ കൂടു വിട്ട് നേതാക്കള്‍

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തെ തുടര്‍ന്ന് കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍ രൂപപ്പെട്ട കലഹം പുറത്തേക്ക്. താരപൂജ എന്നൊന്നില്ല എന്നാണ് പാര്‍ട്ടിവിട്ട നേതാവ് സി.കെ കുമാരവേല്‍ പറഞ്ഞത്. നേതൃനിരയിലെ പ്രമുഖരെല്ലാം പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും നേടാനാകാത്തതില്‍ കടുത്ത നിരാശയിലായിരുന്നു നേതാക്കളേറെയും. എന്നാല്‍, ഇപ്പോള്‍ പുറത്തു പോകുന്നത് ആവശ്യമില്ലാത്ത കളകളാണ് എന്നാണ് കമല്‍ഹാസന്‍ നേതാക്കളുടെ രാജിയോട് പ്രതികരിച്ചത്.                                                                                                                                 മൂന്നു വര്‍ഷം മുമ്പ് രൂപീകരിച്ച കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം തമിഴ്‌നാട്ടില്‍ 294 സീറ്റിലും മത്സരിച്ചിരുന്നു. എന്നാല്‍, കോയ്ബത്തൂര്‍ സൗത്തില്‍ നിന്ന് മത്സരിച്ച കമല്‍ഹാസനടക്കമുള്ള ഒരു സ്ഥാനാര്‍ഥിക്കും വിജയിക്കാനായില്ല. ഇതേ തുടര്‍ന്ന് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതാണ് പിന്നെ കണ്ടത് . വൈസ് പ്രസിഡന്റ് ആര്‍. മഹേന്ദ്രന്‍, ജനറല്‍ സെക്രട്ടറി സന്തോഷ് ബാബു എന്നിവരൊക്കെ പാര്‍ട്ടി വിട്ടു.
വൈസ് പ്രസിഡന്റ് മഹേന്ദ്രന്‍ പാര്‍ട്ടി വിട്ടപ്പോള്‍ വഞ്ചകന്‍ എന്നാണ് കമല്‍ ഹാസന്‍ വിശേഷിപ്പിച്ചത്. വഞ്ചകന്‍മാരുടെ അപസ്വരങ്ങള്‍ നീങ്ങുന്നതോടെ പാര്‍ട്ടിയുടേത് ഏകസ്വരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.കളകള്‍ പാര്‍ട്ടിയില്‍ നിന്ന് നീങ്ങുന്നതോടെ പാര്‍ട്ടിയുടെ വളര്‍ച്ച ആരംഭിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി സന്തോഷ് ബാബു അടക്കമുള്ളവര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടിവിടുന്നു എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പാര്‍ട്ടിയില്‍ ജനാധിപത്യമില്ല എന്ന് ആരോപിച്ചാണ് എം. മുരുകാനന്ദന്‍ പാര്‍ട്ടി വിട്ടത്.                                                                                                         മുന്‍ ഐ.പി.എസ് ഓഫിസര്‍ എ.ജി. മൗര്യ, തങ്കവേല്‍, ഉമാദേവി, സി.കെ. കുമാരവേല്‍, ശേഖര്‍, സുരേഷ് അയ്യര്‍ എന്നിവരെല്ലാം പാരാജയത്തെ തുടര്‍ന്ന് വ്യത്യസ്ത കാരണങ്ങള്‍ ചൂണ്ടികാട്ടി പാര്‍ട്ടി വിട്ടവരാണ്.2019ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലും മക്കള്‍ നീതി മയ്യം മത്സരിച്ചിരുന്നു. അന്ന് 3.7 ശതമാനം വോട്ടാണ് മക്കള്‍ നീതി മയ്യം നേടിയത്. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയും സഖ്യകക്ഷിയായ ബി.ജെ.പിയും ഒരുഭാഗത്തും മറുഭാഗത്ത് സ്റ്റാലി ന്റെ നേതൃത്വത്തില്‍ ഡി.എം.കെയും അണിനിരന്നപ്പോള്‍ കമല്‍ഹാസന്റെ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലമാകുകയായിരുന്നു.                                                                                                                    നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.എന്‍.എമ്മിന്റെ വോട്ടിങ് ശതമാനം 2.52 ആയി കുറഞ്ഞു. കമല്‍ഹാസന്റെ താരമൂല്യത്തിന് തെരഞ്ഞെടുപ്പില്‍ ചലനമുണ്ടാക്കാനാകുന്നില്ലെന്ന് ബോധ്യമായതോടെ നേതാക്കള്‍ കൂട്ടത്തോടെ കൂടുവിടുകയായിരുന്നു. താരപൂജ ഇല്ല എന്ന സി.കെ കുമാരവേലിന്റെ പ്രസ്താവന വ്യക്തമാക്കുന്നത് ഇതാണ്. വോട്ടിങ് ശതമാനത്തില്‍ കുറവു കാണിക്കുന്ന ഒരു പാര്‍ട്ടിക്ക് സമീപ കാലത്തൊന്നും ചലനമുണ്ടാക്കാനാകില്ലെന്ന കണക്കൂകൂട്ടലാണ് നേതാക്കളുടെ കൊഴിഞ്ഞു പോക്കിന് പിറകില്‍.