Monday, May 13, 2024
keralaNewsObituary

റോയ് വധക്കേസ്; ഒന്നാം പ്രതി ജോളിയുടെ വിടുതല്‍ ഹര്‍ജി തള്ളി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി ജോളിയുടെ വിടുതല്‍ ഹര്‍ജി തള്ളി. കോഴിക്കോട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തളളിയത്. കേസില്‍ ഈ മാസം 24 ന് വിചാരണ നടപടികള്‍ തുടങ്ങും.17 വര്‍ഷത്തിനിടെ 6 കൊലപാതകങ്ങള്‍ നടന്ന കൂടത്തായി കൊലപാതക പരമ്പരയില്‍ ആദ്യം കൊല്ലപ്പെട്ടത് ജോളിയുടെ അമ്മായി അന്നമയാണ്. 2002 ഓഗസ്റ്റ് 22നായിരുന്നു ഇത്. ആട്ടിന്‍ സൂപ്പില്‍ നായയെ കൊല്ലാനുള്ള വിഷം കലര്‍ത്തി നല്‍കിയായിരുന്നു കൊലപാതകം. ആറ് വര്‍ഷത്തിന് ശേഷം അന്നമയുടെ ഭര്‍ത്താവ് ടോം തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തി. ജോളി ഭര്‍ത്താവ് റോയ് തോമസിനെ 2011 സെപ്റ്റംബറില്‍ കൊലപ്പെടുത്തുന്നു. കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി നല്‍കിയായിരുന്നു ഇത്. 2014 ഫെബ്രുവരിയില്‍ മാത്യു മഞ്ചാടിയെയും ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തി. ജോളിയുടെ രണ്ടാം ഭര്‍ത്താവ്, മകളായ ഒന്നര വയസുകാരി ആല്‍ഫൈനായിരുന്നു ക്രൂരതയുടെ അഞ്ചാമത്തെ ഇര, ബ്രെഡില്‍ സയനൈഡ് കലര്‍ത്തി നല്‍കിയായിരുന്നു ഇത്, ഷാജുവിന്റെ ആദ്യ ഭാര്യ സിലിയായിരുന്നു അവസാനത്തെ ഇര.  റോയ് കൊലപാതകക്കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. 246 സാക്ഷികളാണുള്ളത്. 322 ഡോക്യുമെന്റ്‌സും 22 മെറ്റീരിയല്‍ ഒബ്‌ജെക്ട്‌സും സമര്‍പ്പിച്ചിരുന്നു. കടലക്കറിയിലും വെള്ളത്തിലും സോഡിയം സയനൈഡ് കലര്‍ത്തിയാണ് ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോളി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്.