Sunday, May 5, 2024
keralaNews

‘ഞാനിവിടെ കിടന്ന് ചത്തു പോയാല്‍ എന്തു ചെയ്യും’: നടന്‍ ജോജു ജോര്‍ജിന് പരിക്ക്

കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ പ്രവര്‍ത്തകര്‍.താരത്തിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്തു. വനിതാ പ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയെന്ന് ആരോപിച്ച് വാഹനം തടഞ്ഞതിന് പിന്നാലെയായിരുന്നു അക്രമം.ജോജുവിന്റെ വാഹനം കടന്നുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഒടുവില്‍ സിഐ തന്നെ വാഹനത്തില്‍ കയറി ഡ്രൈവ് ചെയ്ത് ജോജുവിനെ പനങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് ജോജുവിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

‘ഞാനിവിടെ കിടന്ന് ചത്തു പോയാല്‍ എന്തു ചെയ്യും’ ഇന്ധനവില വര്‍ധനയുടെ അത്രയും പ്രശ്‌നമല്ല ആളുകള്‍ കുറച്ചുസമയം റോഡില്‍ കിടക്കുന്നത് എന്നാണ് ഡിസിസി പ്രസിഡന്റ് പ്രസംഗിച്ചതെന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകയോട് നടന്‍ ജോജു ജോര്‍ജ് രോഷത്തോടെ ചോദിച്ചതാണിത്. രോഗബാധിതരും പരീക്ഷയ്ക്ക് പോകുന്നവരും ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയുണ്ട്. എല്ലാവരും വിയര്‍ത്ത് ഇരിക്കുന്നത് നിങ്ങള്‍ കണ്ടില്ലേ, കാറിനകത്ത് എസിയിട്ടാണ് ആളുകള്‍ ഇരിക്കുന്നത്, എന്നിട്ടാണോ പെട്രോള്‍ വില കുറയ്ക്കാന്‍ സമരം ചെയ്യുന്നത്. ‘- രോഷത്തോടെ ജോജുവിന്റെ വാക്കുകള്‍.