Wednesday, May 8, 2024
keralaNews

താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും : താന്‍ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നും ജോജു

ഇന്ധനവില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരേ സിനിമാ നടന്‍ ജോജു ജോര്‍ജിന്റെ പ്രതിഷേധം.
ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തില്‍നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയരീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോടാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കാശുണ്ടായത് കൊണ്ടാണ് ജോജു ജോര്‍ജ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. താന്‍ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ഇതിന് ജോജു നല്‍കിയ മറുപടി.