Wednesday, May 15, 2024
keralaNewspolitics

പിസി ജോര്‍ജിന്റെ അറസ്റ്റ്; അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം .. ബിജെപി

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ബിജെപി രംഗത്ത്. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്ന് പറയുന്നവരാണ് സി പി എം എന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

പി സി ജോര്‍ജ് ഒരു ക്രിമിനല്‍ അല്ല. ജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. വെട്ടി നുറുക്കാന്‍ മുദ്രാവാക്യം വിളിക്കുന്നവരാണ് സി പി എമ്മുകാര്‍. പാലക്കാട് കൊലപാതക കേസില്‍ പ്രതികളെ പിടിക്കാന്‍ ശ്രമിക്കാത്ത പൊലീസ് പി സി ജോര്‍ജിനെ പിടിക്കാന്‍ തിടുക്കം കാണിച്ചു.

യൂത്ത് ലീഗ് പരാതി കൊടുത്താല്‍ ഉടന്‍ നടപടി എടുക്കുന്നവരായി മാറി പൊലീസ് എന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് എ ആര്‍ ക്യാമ്പില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പി സി ജോര്‍ജിനെ കാണാന്‍ കേന്ദ്രമന്ത്രിയെ അനുവദിച്ചില്ല.

ഇതില്‍ ക്ഷോഭിച്ചാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ മടങ്ങിയത്. പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. തികച്ചും വിവേചനപരമായ നടപടിയാണിത്. ഇരട്ടനീതിയാണ് സംസ്ഥാനത്തുള്ളത്.ഇതിനേക്കാള്‍ ഭീകരമായ പ്രസ്ഥാവന നടത്തിയ ആളുകളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

കേരളം തീവ്രവാദികളുടെ ഹബ് ആയി മാാറിയെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല.പി സി ജോര്‍ജിന്റെ അറസ്റ്റിനെ ശക്തമായി അപലപ്പിക്കുന്നു.

പി സി ജോര്‍ജിന് പൂര്‍ണ പിന്തുണയുണ്ടെന്നും കെ പി ശശികല പറഞ്ഞു. പി സി ജോര്‍ജിന്റെ അറസ്റ്റ് ചില സത്യങ്ങള്‍ പറഞ്ഞതിന് ആണ്.സമൂഹത്തിന്റെ ആശങ്കകള്‍ പങ്കുവയ്ക്കുക എന്ന ഉത്തരവാദിത്വം നേതാക്കള്‍ക്ക് ഉണ്ട് .

ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് കാര്യങ്ങള്‍ പറയുന്നത് . വാര്‍ത്തകള്‍ അറസ്റ്റിലേയ്ക്ക് ചുരുക്കി ആരോപണങ്ങള്‍ തേച്ചുമാച്ചുകളയാനാണ് സര്‍ക്കാര്‍ ശ്രമമെന്നും കെ പി ശശികല പറഞ്ഞു.