Saturday, May 4, 2024
keralaNewspolitics

ഗവര്‍ണറുടെ അന്ത്യശാസനം; കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: ഗവര്‍ണറുടെ അന്ത്യശാസനത്തെ തുടര്‍ന്ന് ഇന്ന് കേരള സര്‍വകലാശാല നിര്‍ണായക സെനറ്റ് യോഗം ചേരും. പുതിയ വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ യോഗത്തില്‍ ചര്‍ച്ച നടക്കും. അതേസമയം വിസി നിയമനവുമായി മുന്നോട്ട് പോകുന്ന ഗവര്‍ണറുടെ നീക്കങ്ങളും സര്‍വകലാശാലക്ക് നിര്‍ണായകമാണ്. നാല് പ്രാവശ്യത്തെ അന്ത്യശാസനത്തിനും സെനറ്റ് പിരിച്ചുവിടുമെന്ന ഗവര്‍ണറുടെ ഭീഷണിക്കും ഒടുവിലാണ് കേരള വിസി സെനറ്റ് യോഗം വിളിച്ചു ചേര്‍ക്കാന്‍ തയ്യാറായത്. നിലവില്‍ ഗവര്‍ണര്‍ രൂപീകരിച്ചിട്ടുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്യണമോ എന്ന കാര്യത്തിലാണ് ഇന്നത്തെ സെനറ്റ് യോഗത്തില്‍ ചര്‍ച്ച നടക്കുക. സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ പ്രമേയം പാസാക്കിയ സാഹചര്യത്തില്‍ പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് ഭരണപക്ഷ അംഗങ്ങള്‍. ഇക്കാര്യത്തില്‍ സര്‍വകലാശാലയ്ക്ക് ലഭിച്ച നിയമോപദേശവും ഭരണപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടും. എന്നാല്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാനാണ് പ്രതിപക്ഷാംഗങ്ങളുടെ തീരുമാനം. സെനറ്റില്‍ ഭൂരിപക്ഷവും ഭരണപക്ഷ അംഗങ്ങള്‍ ആയതിനാല്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തിലടക്കം ഗവര്‍ണറുടെ നടപടിയെ വിസി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതിനാല്‍ സെനറ്റ് യോഗത്തില്‍ വിസി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. കഴിഞ്ഞ ജൂലൈ 15-ന് സെനറ്റ് യോഗം ചേര്‍ന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വികെ രാമചന്ദ്രനെ സെര്‍ച്ച് കമ്മറ്റിയിലേക്കുള്ള സര്‍വ്വകലാശാലയുടെ പ്രതിനിധിയായി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം സ്വയം ഒഴിയുകയും ഇക്കാര്യം ഗവര്‍ണറെ അറിയിക്കുകയും ചെയ്തു. എങ്കിലും തന്റെയും യുജിസിയുടെയും പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. സെനറ്റ് പ്രതിനിധിയെ നല്‍കിയില്ലെങ്കിലും പുതിയ വിസിയെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ഗവര്‍ണറുടെ തീരുമാനം. ഈ മാസം 24-നാണ് നിലവിലത്തെ വൈസ് ചാന്‍സിലര്‍ ആയ വി.പി മഹാദേവന്‍ പിള്ളയുടെ കാലാവധി അവസാനിക്കുന്നത്.