Thursday, May 2, 2024
EntertainmentkeralaNews

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിചാരണ നടപടികള്‍ നീളാതിരിക്കാന്‍ കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.കേസില്‍ വിചാരണക്കോടതിയില്‍ നിന്ന് സുപ്രീം കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയിരുന്നു. വിചാരണ കോടതി ഇതിന് നല്‍കിയ മറുപടിയും ഇന്ന് കോടതിക്ക് മുന്നില്‍ എത്തും.  പ്രോസിക്യൂഷന്‍, അതിജീവിത, അന്വേഷണ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ ജഡ്ജിയെ തടസ്സപ്പെടുത്തുന്നു. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും മുന്‍ ഭാര്യയ്ക്കും തന്നെ കേസില്‍പ്പെടുത്തിയതില്‍ പങ്കുണ്ട്. ഈ പോലീസ് ഉദ്യോഗസ്ഥന്‍ നിലവില്‍ ഡിജിപി റാങ്കില്‍ ഉള്ള വ്യക്തിയുമാണെന്നാണ് കേസില്‍ ദിലീപിന്റെ ആരോപണം. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നടി കേസിലെ വിചാരണ ജഡ്ജിക്കെതിരായ നടത്തിയ കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര ഹൈക്കോടതിയില്‍ ഹാജരായി മാപ്പ് പറഞ്ഞു. മാപ്പ് അപേക്ഷിച്ചതിന് പിന്നാലെ ജുഡീഷ്യറിയെ അപമാനിക്കാനോ, ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്താനോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസിലെ തുടര്‍ നടപടികളില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും ബൈജു കോടതില്‍ ആവശ്യപ്പെട്ടിരുന്നു . എന്നാല്‍ ഈ ആവശ്യം നിരസിച്ച കോടതി കേസ് ഒക്ടോബര്‍ 25 ലേക്ക് മാറ്റി. കോടതിയലക്ഷ്യ കേസിന്റെ ഭാഗമായ വീഡിയോ അടക്കമുള്ളവ തനിക്ക് ലഭിച്ചിട്ടില്ലെന്ന ബൈജു കൊട്ടാരക്കരയുടെ ആവശ്യം കോടതി പരിഗണിച്ചു. ഇത് ലഭ്യമാക്കാന്‍ കോടതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.