Tuesday, May 7, 2024
educationkeralaNews

പ്ലസ്വണ്‍ പ്രവേശനം; നിരവധി വിദ്യാര്‍ഥികള്‍ പുറത്താകും

സംസ്ഥാനത്ത് പ്ലസ്വണ്‍ പ്രവേശനം ആകെ ആശയക്കുഴപ്പത്തിലേയ്ക്ക്. തുടര്‍ പഠനത്തിന് എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും സീറ്റുകളുടെ എണ്ണത്തിലെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു. പരീക്ഷാഫലം വന്ന് രണ്ട് ആഴ്ച പിന്നിട്ടിട്ടും ഏകജാലക സംവിധാനം വഴി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം ഇതുവരെ ഇറക്കിയിട്ടില്ല. സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന കോടതി വിധിയുമുണ്ട്. ഇതിന്റെ മാനദണ്ഡവും സര്‍ക്കാര്‍ തയാറാക്കിയിട്ടില്ല.

എസ്എസ്എല്‍സി പരീക്ഷ എഴുതിയതില്‍ 4,19,653 പേരാണ് ഇത്തവണ ഉന്നത പഠനത്തിന് യോഗ്യത നേടിയത്. ഇതില്‍ 1,21,318 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 3,06,150 ആണ് സംസ്ഥാനത്ത് പ്ലസ്വണ്ണിനുള്ള ആകെ സീറ്റ്. 1,13,503 സീറ്റുകളുടെ കുറവ് നിലനില്‍ക്കുന്നു. ഇരുപത് ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കും എന്നാണ് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ 28,160 സീറ്റുകള്‍ വര്‍ധിക്കും. ഇതിലും സാങ്കേതികത്വം നിലനില്‍ക്കുന്നു. ഒരു ക്ലാസ്സില്‍ പരമാവധി കുട്ടികളുടെ എണ്ണം സംബന്ധിച്ച് കോടതി വിധിയുണ്ട്. അത് മറികടക്കാനാകില്ല. സീറ്റുകളുടെ എണ്ണമല്ല ബാച്ചുകളുടെ എണ്ണമാണ് വര്‍ധിപ്പിക്കേണ്ടതെന്നും വിധിയില്‍ പറയുന്നു. ഇതനുസരിച്ചാണ് പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്.

ഇനി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെങ്കില്‍ ബാച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കണം. ഇതിനനുസരിച്ച് ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കണം. ഇത് സര്‍ക്കാരിന് അധിക ബാധ്യതയും എയ്ഡഡ് സ്‌കൂളിലെ മാനേജ്മെന്റുകള്‍ക്ക് ചാകരയുമാകും. ലക്ഷങ്ങള്‍ വാങ്ങി മാനേജ്മെന്റുകള്‍ക്ക് നിയമനങ്ങള്‍ നടത്താന്‍ സാധിക്കും.

സര്‍ക്കാരിന് അല്‍പ്പം ആശ്വാസം നല്‍കുന്നത് പോളിടെക്നിക്, വിഎച്ച്എസ്സി എന്നീ വിഭാഗങ്ങളിലെ സീറ്റുകളാണ്. 98,220 സീറ്റുകളാണ് ഈ മേഖലകളില്‍ നിലവിലുള്ളത്. കുറേയധികം വിദ്യാര്‍ഥികള്‍ ഈ വിഭാഗങ്ങളിലേക്ക് മാറുമെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.

എന്നാല്‍ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നു. ഇവരില്‍ അധികം പേരും സംസ്ഥാന സിലബസിലേക്ക് മാറും. കൂടാതെ കൊവിഡ് മഹാമാരി കാരണം വിദേശത്ത് നിന്നും നിരവധി വിദ്യാര്‍ഥികള്‍ സംസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ഇവരുടെയൊക്കെ കണക്കുകള്‍ കൂട്ടിയാല്‍ സര്‍ക്കാര്‍ കണക്കിലുള്ളതിനേക്കാള്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം കൂടുതല്‍ വേണ്ടി വരും. കഴിഞ്ഞ തവണ എഴുപത്തി അയ്യായിരത്തോളം പേരാണ് പ്ലസ്വണ്ണിന് ഓപ്പണ്‍ സ്‌കൂളില്‍ പ്രവേശനം നേടിയത്.

26,481 സീറ്റുകളുടെ കുറവുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. മലബാര്‍ മേഖലയിലെ ചില ജില്ലകളില്‍ സീറ്റ് ഒഴിവുമുണ്ട്. എന്നാല്‍ മലപ്പുറത്ത് സീറ്റ് കുറവും. ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കന്‍ ജില്ലകളിലെ പ്ലസ് വണ്‍ സീറ്റുകളിലെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ എം.കെ. മുനീറിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.