Saturday, May 18, 2024
keralaNews

സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്നു സ്പീക്കര്‍.

പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കു മറുപടിയുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്നു പറഞ്ഞ സ്പീക്കര്‍ അവരോടൊപ്പം വിദേശത്തേക്കു യാത്ര ചെയ്തിട്ടില്ലെന്നും വിദേശത്തു വച്ച് കണ്ടിട്ടില്ലെന്നും വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചു കണ്ടുപിടിക്കുന്നതുവരെ കേസിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നു നിലപാടെടുത്ത സ്പീക്കര്‍, ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി പരിചയം ഉണ്ടെന്നു സ്പീക്കര്‍ പറഞ്ഞു. അവരുടെ ക്രിമിനല്‍ പശ്ചാത്തലം അറിയില്ലായിരുന്നു. കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറി എന്ന നിലയില്‍ പരിപാടികളില്‍ ക്ഷണിക്കാന്‍ വന്നാണ് സൗഹൃദത്തിലായത്. ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞശേഷം സഹായം ആവശ്യപ്പെടുകയോ സഹായം ചെയ്യുകയോ ഉണ്ടായിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ ചോദിക്കുന്ന വിവരങ്ങള്‍ നല്‍കും. അക്കാര്യത്തില്‍ സാധാരണ പൗരനു കിട്ടുന്ന പരിഗണന മതി. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രാഷ്ട്രീയ ആരോപണം ഉന്നയിക്കുകയോ വിമര്‍ശനം ഉന്നയിക്കുകയോ ചെയ്യുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു.