Monday, April 29, 2024
keralaNews

കൈക്കൂലി വാങ്ങിയില്ലെങ്കില്‍ നിങ്ങള്‍ക്കു സ്വസ്ഥത ഉണ്ടാകില്ല

മാനന്തവാടി :’മോട്ടര്‍ വാഹനവകുപ്പില്‍ ജോലിക്കു പ്രത്യേക പരിശീലനം ആവശ്യമാണ്. അഴിമതിക്കു തയാറല്ലെങ്കില്‍ സര്‍ക്കാര്‍ ജോലിക്കു നില്‍ക്കരുത്.’ കഴിഞ്ഞദിവസം ജീവനൊടുക്കിയ മാനന്തവാടി കെല്ലൂര്‍ സബ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്ക് പി.എ.സിന്ധുവിന്റെ ഡയറിയിലെ ഈ വരികള്‍ അവര്‍ക്ക് ഓഫിസില്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങളുടെ നേര്‍സാക്ഷ്യം.വീട്ടില്‍ സിന്ധുവിന്റെ മുറിയില്‍നിന്നാണു ഡയറിയും 8 പേജുള്ള കുറിപ്പുകളും പൊലീസ് കണ്ടെടുത്തത്. മേലധികാരികളില്‍നിന്നു നേരിടേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ചും ചിലര്‍ കൈക്കൂലി വാങ്ങുന്നതിനെക്കുറിച്ചും ഡയറിയില്‍ പരാമര്‍ശമുണ്ട്. ‘മറ്റുള്ളവരുടെ കാപട്യം എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കൈക്കൂലി വാങ്ങിയില്ലെങ്കില്‍ നിങ്ങള്‍ക്കു സ്വസ്ഥത ഉണ്ടാകില്ല. ജോലി കൃത്യമായി ചെയ്യാനായി ദൈവത്തെ വിളിച്ചു കരഞ്ഞു, ജോലി പോകുമോയെന്നു ഭയമുണ്ട്’- കുറിപ്പിലെ വരികള്‍ ഇങ്ങനെ പോകുന്നു.

മേലുദ്യോഗസ്ഥ ചില ഫയലുകള്‍ പൂഴ്ത്തിവയ്ക്കുകയും താങ്ങാവുന്നതില്‍ കൂടുതല്‍ ജോലി അടിച്ചേല്‍പിക്കുകയും ചെയ്തതായി സിന്ധു പറഞ്ഞുവെന്നു സഹോദരന്‍ നോബിള്‍ പറയുന്നു. ഓഫിസില്‍ സുഗമമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലായിരുന്നുവെന്ന് സിന്ധുവിനൊപ്പം പരാതിയുമായി ആര്‍ടിഒ ഇ.മോഹന്‍ദാസിനെ കണ്ട സഹപ്രവര്‍ത്തകരും പറയുന്നു. ഓഫിസിലെ ചേരിപ്പോരും ജോലി സമ്മര്‍ദവും മാനസിക സംഘര്‍ഷമുണ്ടാക്കുന്നതായിരുന്നു. ഓഫിസില്‍ പരിശോധനയ്‌ക്കെത്തിയ മേലധികാരികളോട് ഓഫിസിലെ പ്രശ്‌നങ്ങള്‍ പങ്കുവച്ചിരുന്നതായും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.പാറയുടെ മുകളില്‍നിന്നു തള്ളിത്താഴെയിട്ടാല്‍ പെട്ടുപോകും. എന്നെ ആരെയെങ്കിലും തള്ളിയിട്ടാല്‍ ഞാന്‍ ഒറ്റപ്പെട്ടുപോകും. ഭക്ഷണം കിട്ടാതെ മരിക്കും. അതിനാല്‍ എനിക്കു പേടിയാണ്. ഞാന്‍ ഈ ലോകത്തോടു വിടപറയുന്നു’- സിന്ധുവിന്റെ ഡയറിയിലെ അവസാനവാചകം ഇങ്ങനെ. ‘ഞാന്‍ മാത്രമാണ് എന്റെ മരണത്തിന് ഉത്തരവാദി. എന്റെ വീട്ടുകാര്‍ നിരപരാധികളാണ്’ എന്നും ഡയറിക്കുറിപ്പിലുണ്ട്. സിന്ധുവിന്റെ ലാപ്‌ടോപ്പും ഫോണും കൂടി പരിശോധിച്ച് മരണത്തിലേക്കു നയിച്ച കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.