Friday, May 10, 2024
indiakeralaNews

കേരളത്തേക്കാള്‍ 12 രൂപയുടെ കുറവ് മാഹിയിലെ പെട്രോള്‍ പമ്പുകളില്‍ തിരക്കേറി.

ഇന്ധനവില ഗണ്യമായി കുറഞ്ഞതോടെ മാഹിയിലെ പെട്രോള്‍ പമ്പുകളില്‍ തിരക്കേറി. കേന്ദ്രത്തിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന പുതുച്ചേരിയും നികുതി ഒഴിവാക്കിയതോടെയാണ് മാഹിയില്‍ പെട്രോളിന് കേരളത്തേക്കാള്‍ 12 രൂപയുടെ കുറവുണ്ടായത്. വടകര, തലശേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ ഇന്ധനം നിറയ്ക്കാനെത്തുന്നവരില്‍ ഏറെയും.കണ്ണൂര്‍ ജില്ലയിലെ തലശേരിയില്‍ പെട്രോളിന്റ ഇന്നത്തെ വില 104.48 രൂപ,ഡീസലിന് 91.73 രൂപയും. ജില്ല കടന്ന് പുതുച്ചേരിയുടെ ഭാഗമായ മാഹിയിലെത്തിയാല്‍ കാര്യങ്ങള്‍ മാറി മറിയും. ഇവിടെ പെട്രോളിന് 92.52 രൂപയും ഡീസലിന് 80.94 രൂപയുമേ ഉള്ളു. അതായത് കേരളത്തേക്കാള്‍ പെട്രോളിന് 11.96 രൂപയുടേയും ഡീസലിന് 10.79 രൂപയുടേയും കുറവ്.
കേന്ദ്ര സര്‍ക്കാര്‍ എക്ൈസസ് തീരുവ കുറയ്ക്കുന്നതിന് മുമ്പ് പെട്രോളിന് 105.32 രൂപയും ഡീസലിന് 99.86 രൂപയും ആയിരുന്നു മാഹിയിലെ വില. കേന്ദ്ര സര്‍ക്കാര്‍ ഇളവിന് പിന്നാലെ,പുതുച്ചേരി സര്‍ക്കാരും നികുതി കുറച്ചതോടെയാണ് വില ഗണ്യമായി കുറഞ്ഞത്. ഡീസല്‍ വിലയില്‍ മാത്രം 19 രൂപയോളം കുറഞ്ഞു. വിലയില്‍ വലിയ വ്യത്യാസം വന്നതോടെ തലശേരി, വടകര എന്നിവിടങ്ങളില്‍ നിന്നുള്ളവരെല്ലാം ഇന്ധനം നിറയ്ക്കാന്‍ മാഹി പമ്പുകളെയാണിപ്പോള്‍ ആശ്രയിക്കുന്നത്. കോഴിക്കോട് കണ്ണൂര്‍ റൂട്ടിലൊടുന്ന ദീര്‍ഘദൂര ബസുകള്‍ക്കും ഇപ്പോള്‍ മാഹിയോടാണ് താല്‍പര്യം.