Thursday, May 2, 2024
AgriculturekeralaNews

സാധാരണക്കാരായ കര്‍ഷകര്‍ക്ക് കാട്ടു പന്നികളെ കൊല്ലാനുള്ള അവകാശം നല്‍കുക

കാട്ടു പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കൊണ്ട് സാധാരണക്കാരായ കര്‍ഷകര്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിനെ വെടിവെച്ചു കൊല്ലാനുള്ള അവകാശം നല്‍കുക എന്ന ആവശ്യമാകും സംസ്ഥാനം ഉന്നയിക്കുക. എന്നാല്‍ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുക എന്നത് ദീര്‍ഘകാലം സാധ്യമാകില്ല എന്നതുകൊണ്ട് ഇക്കാര്യത്തില്‍ ദീര്‍ഘകാല പരിഹാരത്തിന് വേണ്ടിയുള്ള നടപടി ഉണ്ടാക്കണമെന്നും മന്ത്രി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടും.

എന്തുകൊണ്ടാണ് ഇത്തരം വന്യജീവികള്‍ കാടുവിട്ട് നാടുകളിലേക്ക് ഇറങ്ങുന്നത് എന്നത് സംബന്ധിച്ച് ഒരു ശാസ്ത്രീയ പഠനം തന്നെ ഉണ്ടാകണം. ആ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വന്യ ജീവികള്‍ക്ക് കാട്ടില്‍ തന്നെ കഴിയാനുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങളും ഉണ്ടാക്കണമെന്ന് മന്ത്രി കൂടിക്കാഴ്ചയില്‍ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെടും. അഞ്ചുവര്‍ഷത്തിനുള്ളില്‍ കൃഷിനാശം വരുത്തിയ 10,335 സംഭവമുണ്ടായെന്നും വനംവകുപ്പ് 5.54 കോടി രൂപ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയെന്നും നാലുപേര്‍ മരിച്ചെന്നുമുള്ള കണക്കുകള്‍ നിരത്തിയാണിത്.

കാട്ടുപിന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് നേരത്തേത്തന്നെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നാലുകാര്യങ്ങളില്‍ വിശദീകരണം തേടി ഈ ആവശ്യം തിരിച്ചയക്കുകയായിരുന്നു. മറുപടിയോടൊപ്പമാണ് കണക്കുകൂടിവെച്ച് വീണ്ടും കേന്ദ്രത്തെ സമീപിക്കുന്നത്. ജാഗ്രതാസമിതികള്‍ ചേര്‍ന്ന് എംപാനല്‍ഡ് ചെയ്ത കര്‍ഷകര്‍ക്ക് ഇപ്പോള്‍ വെടിവെച്ചുകൊല്ലാമെങ്കിലും വനംവകുപ്പിനെ അറിയിച്ച് മഹസര്‍ തയ്യാറാക്കുകയും അവരുടെ അനുമതിയോടെ മറവുചെയ്യുകയും വേണം.

തോക്കുപയോഗിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ക്കേ വെടിവെക്കാന്‍ അനുമതിയുള്ളൂ. കടുത്ത നിയമമായതിനാല്‍ പലരും വെടിവെച്ചുകൊല്ലാന്‍ മടിക്കുന്നു. 1972-ലെ വന്യജീവി സംരക്ഷണനിയമത്തിലെ പട്ടിക മൂന്നില്‍നിന്ന് പട്ടിക അഞ്ചിലേക്കുമാറ്റി കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ കര്‍ഷകര്‍ക്ക് നടപടിക്രമങ്ങളില്ലാതെ വെടിവെച്ചുകൊല്ലാം.