Sunday, May 19, 2024
keralaNews

ശബരിമല റോഡുകളുടെ പുനര്‍നിര്‍മ്മാണ പുരോഗതികള്‍ പരിശോധിക്കാന്‍ ഉന്നതതല സംഘം

പത്തനംതിട്ട: കാലവര്‍ഷക്കെടുത്തിയെ തുടര്‍ന്ന് തകര്‍ന്ന ശബരിമല റോഡുകളുടെ നാശനഷ്ടങ്ങള്‍ വിലയിരുത്തി പുനര്‍നിര്‍മ്മാണ പുരോഗതികള്‍ പരിശോധിക്കാന്‍ ഉന്നതതല സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പി.ഡബ്ല്യൂ.ഡി മിഷന്‍ ടീമിന്റെ യോഗത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിലാണ് ടീമിനെ നിയോഗിച്ചിട്ടുള്ളത്. മൂന്ന് ചീഫ് എഞ്ചിനിയര്‍മാര്‍ കൂടി ഉള്‍പ്പെടുന്ന സംഘം പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ പാതകളുട സ്ഥിതിഗതികളും വിലയിരുത്തും.

കാലവര്‍ഷം നിലവിലുള്ള ശബരിമല റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ഉന്നതതല സംഘത്തിന് നിര്‍ദേശം നല്‍കി.ശബരിമല റോഡ് നിര്‍മ്മാണം വിലയിരുത്താന്‍ ഞായറാഴ്ച പത്തനംതിട്ടയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. എം.എല്‍.എമാരും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കലക്ടര്‍മാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.