Monday, May 20, 2024
keralaNews

ഐജി പി വിജയന്‍ പൊലീസ് അക്കാദമി ഡയറക്ടര്‍

തിരുവനന്തപുരം: ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന മുന്‍ എടിഎസ് തലവന്‍ ഐജി പി വിജയന് സ്ഥാനക്കയറ്റം.  മാസങ്ങളോളം സേനയ്ക്ക് പുറത്തായിരുന്ന ഐജി പി വിജയനെ തിരിച്ചെടുത്ത ശേഷം സ്ഥാനക്കയറ്റം നല്‍കിയിരുന്നില്ല. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയുടെ യാത്രാവിവരം മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തിനല്‍കിയെന്നായിരുന്നു ആരോപണം.

എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്ന് വകുപ്പുതല അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് സ്ഥാനക്കയറ്റം നല്‍കിയത്. പൊലീസ് അക്കാദമി ഡയറക്ടറായാണ് പുതിയ നിയമം. സംസ്ഥാനത്ത് 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പി വിജയന്‍.

കോഴിക്കോട് സ്വദേശിയായ ഇദ്ദേഹമാണ് സംസ്ഥാനത്ത് സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. കളമശേരി ബസ് കത്തിക്കല്‍ കേസ്, ശബരിമല തന്ത്രി കേസ്, ചേലേമ്പ്ര ബാങ്ക് കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ അന്വേഷണ സംഘത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു.