Monday, May 20, 2024
indiaNewspolitics

ഇന്ത്യ ഭയന്ന് നില്‍ക്കണമെന്നാണ് അയ്യര്‍ കരുതുന്നത്; രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍ പാകിസ്താന് വേണ്ടി പിആര്‍ നടത്തുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മണിശങ്കര്‍ അയ്യരുടെ പാക് അനുകൂല പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമാണ് അദ്ദേഹം നടത്തിയത്. അയ്യര്‍ കരുതുന്നത് ഇന്ത്യ പാകിസ്താനെ ഭയക്കണമെന്നാണ്. രാഹുലിന്റെ നിലപാടും ഇതിന് സമമാണ്. രാഹുലും – കോണ്‍ഗ്രസ് പാര്‍ട്ടിയും, പാക് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.  പാകിസ്താനെ ബഹുമാനിച്ചില്ലെങ്കില്‍ അവര്‍ അണുബോംബ് വര്‍ഷിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.കോണ്‍ഗ്രസിന്റെ നിലപാടുകളാണ് മണിശങ്കര്‍ അയ്യറിലൂടെയും, സാം പിത്രോദയായിലൂടെയും പുറത്ത് വന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. പാക് വിദേശകാര്യ മന്ത്രി രാഹുലിനെ പിന്തുണച്ച് സംസാരിച്ചത് എല്ലാവരും കണ്ടതാണ്. കേരളത്തിലടക്കം കോണ്‍ഗ്രസ് എസ്ഡിപിഐയുടെയും പിഎഫ്‌ഐയുടെയും പിന്തുണ സ്വീകരിച്ചു. കോണ്‍ഗ്രസ് അയ്യരുടെ പരാമര്‍ശത്തില്‍നിന്നും അകലം പാലിക്കുമെന്നുറപ്പാണ് എന്നാല്‍ അകലം പാലിച്ച് പാലിച്ച് കോണ്‍ഗ്രസ് എവിടെയെത്തിയെന്ന് അറിയില്ലെന്നും, അദ്ദേഹം പരിഹസിച്ചു.മണിശങ്കര്‍ അയ്യരുടെ വിവാദ അഭിമുഖം ഫേസ്ബുക്കില്‍ പങ്കുവെച്ച കേന്ദ്രമന്ത്രി, രാഹുലിന്റേയും കോണ്‍ഗ്രസിന്റേയും പ്രത്യയശാസ്ത്രമാണ് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് കുറിച്ചു. സിയാച്ചിന്‍ പാകിസ്താന് കൈമാറാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു . ആഭ്യന്തര തീവ്രവാദ ബന്ധമുള്ള സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കുറിച്ചു.