Monday, April 29, 2024
indiaNewsObituaryUncategorized

എയര്‍ ഇന്ത്യ വിമാനം റാഞ്ചലിലെ ഒരു ഭീകരനെ കൂടി അജ്ഞാത സംഘം വെടിവച്ചുകൊന്നു

ദില്ലി: എയര്‍ ഇന്ത്യ വിമാനം കാന്ധഹാറില്‍ റാഞ്ചിയ അഞ്ചംഗ സംഘത്തിലെ ഒരു ഭീകരനെ കൂടി അജ്ഞാത സംഘം വെടിവച്ചുകൊന്നതായി റിപ്പോര്‍ട്ട്.

കറാച്ചിയിലാണ് വെടിവെപ്പ് നടന്നത്. കാന്ധഹാര്‍ റാഞ്ചലിലെ പ്രധാനിയായിരുന്ന സഫറുള്ള ജമാലിനെയാണ് ഇപ്പോള്‍ വെടിവച്ചു കൊന്നിരിക്കുന്നത്.

മാര്‍ച്ച് ഒന്നിന് ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ മറ്റൊരു ഭീകരന്‍ സഹൂര്‍ മിസ്ത്രി എന്ന സാഹിദ് അഖുന്ദ് മരിച്ചിരുന്നു. വ്യവസായിയെന്ന വ്യാജേന ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ആസൂത്രിതമായ ആക്രമണമാണ് രണ്ടുമെന്നാണ് പൊലീസ് പറയുന്നതെങ്കിലും പ്രതികളെ പിടികൂടാന്‍ ഇതുവരെയുമായിട്ടില്ല.

1999 ലാണ് കഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്ന് ദില്ലിയിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി-814 വിമാനം തോക്കുകളുമായെത്തിയ അഞ്ച് പാക് ഭീകരര്‍ റാഞ്ചിയത്. വിമാനം കാന്ധഹാറിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിമാനത്തിലെ 176 യാത്രക്കാരെ ഏഴു ദിവസത്തോളം ഭീകരര്‍ ബന്ദികളാക്കി.

ഇന്ത്യയില്‍ ജയിലിലുള്ള 3 ഭീകരരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി വിലപേശിയ ഭീകരരുടെ ആവശ്യത്തിന് മുന്നില്‍ ഒടുവില്‍ സര്‍ക്കാറിന് വഴങ്ങേണ്ടി വന്നു. ഭീകരവാദി ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, ഭീകര സംഘടനയായ അല്‍ ഉമര്‍ മുജാഹിദീന്‍ നേതാവ് മുഷ്താഖ് അഹമ്മദ് സര്‍ഗര്‍, അല്‍-ഖ്വയ്ദ നേതാവ് അഹമ്മദ് ഒമര്‍ സയീദ് എന്നിവരെ അന്ന് ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു.