Thursday, May 16, 2024
keralaNewspolitics

പാര്‍ട്ടിക്ക് ബോധ്യമായി ശോഭക്കെതിരെ നിയമ നടപടി

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, താന്‍ നല്‍കിയ വിശദീകരണം പാര്‍ട്ടിക്ക് ബോധ്യമായിട്ടുണ്ടെന്ന് ഇപി ജയരാജന്‍. മാധ്യമങ്ങളെയും വിമര്‍ശിച്ചും ഗൂഢാലോചനയാണെന്നും ഇപി ജയരാജന്‍ ആവര്‍ത്തിച്ചു. ഇതോടെ  പ്രകാശ് ജാവദേക്കര്‍ വിവാദത്തില്‍ ഇപിയെ സംരക്ഷിക്കാനാണ് ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമാനിച്ചത്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടില്ല. താന്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും.  വിവാദങ്ങള്‍ മീഡിയയാണ് ഉണ്ടാക്കിയത്. ഇതൊന്നും ആരോപണങ്ങളല്ല. ഫ്രോഡാണ്. വ്യാജവാര്‍ത്തകളാണ് ഞാനുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. ഇതില്‍ രാഷ്ട്രീയമുണ്ട്. ഇതിന്റെ അടിസ്ഥാനം സാമ്പത്തികമാണ്. അത്തരത്തില്‍ മാധ്യമങ്ങള്‍ മാറരുത്. മാധ്യമങ്ങള്‍ കൊത്തിവലിച്ചാല്‍ തീരുന്നയാളല്ല ഞാന്‍. പാര്‍ട്ടിക്ക് മാത്രമല്ല, മാധ്യമങ്ങളെ കുറിച്ച് ജനങ്ങള്‍ക്കും നല്ല ബോധ്യമുണ്ടെന്ന് ഇപി പ്രതികരിച്ചു. ജയരാജന്റെ വിശദീകരണം കേട്ടതിന് ശേഷം,ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ജയരാജന് നിര്‍ദ്ദേശം നല്‍കിയത്. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തന്നെ തുടരും. ദല്ലാള്‍ നന്ദകുമാറുമായുളള ബന്ധം നേരത്ത ഉപേക്ഷിച്ചെന്ന് ഇപി പാര്‍ട്ടിയെ അറിയിച്ചു. ഇപ്പോള്‍ നടന്നത് വലിയ ഗൂഢാലോചനയാണ്. ഇടതുമുന്നണിയെ ആക്രമിക്കാനായിരുന്നു ലക്ഷ്യം. ജാവ്‌ദേക്കറെ കണ്ടതില്‍ പ്രത്യേകിച്ച് ഒന്നുമില്ല. ചില മാധ്യമങ്ങളും ഗൂഡാലോചനയില്‍ പങ്കെടുത്തുവെന്നും ഇപി പാര്‍ട്ടിയോഗത്തില്‍ വിശദീകരിച്ചു. മറ്റ് നേതാക്കളും ഇപിക്കെതിരെ പാര്‍ട്ടി യോഗത്തില്‍ സംസാരിച്ചില്ല.

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ജാവ്‌ദേക്കര്‍ കൂടിക്കാഴ്ചയെ കുറിച്ച് ഇപി ജയരാജന്‍ വിശദീകരിച്ചത് വൈകാരികമായി. ബിജെപിയോടുള്ള പോരാട്ടത്തിന്റെ ചരിത്രം പറഞ്ഞ് വികാരനിര്‍ഭരമായാണ് ഇപി തന്റെ ഭാഗം വിശദീകരിച്ചത്. നന്ദകുമാര്‍ തന്നെ കുടുക്കാന്‍ ശ്രമിച്ചെന്നും കുറേ നാളായി തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇപി പറഞ്ഞു.

സെക്രട്ടേറിയേറ്റ് യോഗത്തില്‍ മറ്റ് നേതാക്കളാരും ഇപി ജയരാജനെ കുറ്റപ്പെടുത്താനും മുതിര്‍ന്നില്ല. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പോളിംഗ് ദിനം തുറന്നു പറഞ്ഞത് സംശയങ്ങള്‍ ഒഴിവാക്കാനെന്നായിരുന്നു ഇപിയുടെ വിശദീകരണം. ദല്ലാളുമായുള്ള ബന്ധം നേരത്ത ഉപേക്ഷിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്.

ഈ സംഭവത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങാന്‍ അനുവാദം തേടിയ ഇപി, ജാവ്‌ദേക്കറെ കണ്ടതില്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്നും ചില മാധ്യമങ്ങളും ഗൂഢാലോചനയില്‍ പങ്കാളിയായെന്നും വിമര്‍ശിച്ചു.