Thursday, March 28, 2024
keralaNews

ക്ഷേത്രത്തില്‍ ഭഗവതിക്ക് സമര്‍പ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസര്‍ പെണ്‍സുഹൃത്തിന് സമ്മാനിച്ചു.

കൊച്ചി: ഭഗവതിക്ക് സമര്‍പ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസര്‍ പെണ്‍സുഹൃത്തിന് സമ്മാനിച്ചു. എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം ദേവിക്കായി പുടവ കൊടുക്കല്‍ എന്ന ചടങ്ങ് നടത്തിയിരുന്നു. ഈ ചടങ്ങില്‍ ഭക്തരില്‍ ഒരാള്‍ ദേവിക്കായി സമര്‍പ്പിച്ച പുടവയാണ് ദേവസ്വം ഓഫീസര്‍ പെണ്‍ സുഹൃത്തിന് കൈമാറിയത്.അയ്യായിരം രൂപയോളം വിലവരുന്ന പുടവയായിരുന്നു ഇത്.സാധാരണ ദേവീക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ ലഭിക്കുന്ന പുടവകള്‍ ലേലം ചെയ്ത് വില്‍ക്കാറാണ് പതിവ്. ഈ ക്ഷേത്രത്തില്‍ ലഭിക്കുന്ന പുടവകള്‍ മേല്‍ശാന്തി മറ്റാര്‍ക്കെങ്കിലും നല്‍കുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ പട്ടുപുടവ ഇഷ്ടപ്പെട്ട ദേവസ്വം ഓഫീസര്‍ അത് കൈക്കലാക്കുകയായിരുന്നു.ക്ഷേത്രത്തില്‍ അടുത്ത ദിവസം നടന്ന ചടങ്ങിലും ഇവര്‍ ഇതേ സാരി ഉടുത്തു വന്നതോടെ മറ്റുള്ളവര്‍ക്ക് സംശയമായി. ബാക്കി ജീവനക്കാര്‍ ചോദിച്ചതോടെ ദേവസ്വം ഓഫീസര്‍ തനിക്ക് നല്‍കിയതാണെന്ന കാര്യവും ഇവര്‍ പരസ്യമായി പറഞ്ഞു. ഇതോടെ ഈ വിവരം നാട്ടില്‍ മുഴുവന്‍ പാട്ടായി. വിഷയത്തില്‍ രേഖാമൂലം പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.