Friday, May 3, 2024
keralaNews

എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞയാള്‍ എത്തിയത് സ്‌കൂട്ടറില്‍

തിരുവനന്തപുരം തലസ്ഥാനത്തെ എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞയാള്‍ എത്തിയത് സ്‌കൂട്ടറില്‍. രാത്രി 11.24 ഓടെ കുന്നുകുഴി ഭാഗത്ത് നിന്ന് എകെജി സെന്ററിനു സമീപത്തേക്ക് എത്തിയ ഇയാള്‍ റോഡില്‍ വാഹനം നിര്‍ത്തി മതിലിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ ശേഷം പെട്ടെന്ന് വാഹനം ഓടിച്ചു മറയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതിയുടെ മുഖമോ വണ്ടി നമ്പറോ ദൃശ്യങ്ങളില്‍ വ്യക്തമല്ലെന്നും ഇയാളെ പിടികൂടാന്‍ ഊര്‍ജിത ശ്രമം നടത്തുകയാണെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.

എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും വീടുകള്‍ക്കുള്ള സുരക്ഷയും കണ്ണൂര്‍ നഗരത്തില്‍ നൈറ്റ് പട്രോളിങ് ശക്തമാക്കി. ജില്ലയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനും ഡിസിസി ഓഫിസിനും സുരക്ഷ ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ വിവിധ ജില്ലാ സിപിഎം, ബിജെപി, യുഡിഎഫ് പാര്‍ട്ടി ഓഫിസുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി.

വെള്ളിയാഴ്ച കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി. രാഹുലിന്റെ വയനാട് സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പേയാണ് എകെജി സെന്ററിനു നേരെ ആക്രമണമുണ്ടായത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിനു നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനു ശേഷം വയനാട്ടിലേക്ക് അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനം കൂടിയാണിത്.