Thursday, May 2, 2024
keralaNews

ഇരുചക്രവാഹനത്തിന് പിന്നില്‍ കാര്‍ ഇടിച്ച് അച്ഛനും മകള്‍ക്കും ഗുരുതര പരിക്ക്.

തിരുവനന്തപുരം: ഇരുചക്രവാഹനത്തിന് പിന്നില്‍ കാര്‍ ഇടിച്ച് അച്ഛനും മകള്‍ക്കും ഗുരുതര പരിക്ക്.ചിറയന്‍കീഴ് ശിവകൃഷ്ണപുരം സ്വദേശി ദിലീപ് (60) മകള്‍ ദേവി ദിലീപ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിച്ച കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായി.
പുളിമൂട് ജംഗ്ഷനില്‍ ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ചിറയന്‍ കീഴില്‍ നിന്നും ശിവകൃഷ്ണപുരത്തേക്ക് പോകുകയായിരുന്നു ഇരുവരും. പുളിമൂട് ജംഗ്ഷനിലെ ഹമ്പിന്റെ ഭാഗം എത്തിയപ്പോള്‍ ഇരുചക്ര വാഹനം വേഗം കുറച്ചു. ഇതോടെ പുറകില്‍ അമിത വേഗതയില്‍ വരികയായിരുന്ന കാര്‍ ഇരുവരെയും ഇടിച്ച് വീഴ്ത്തുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ ഇരുവരുടെയും ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുവരുടെയും കാലുകള്‍ക്ക് മുകളിലൂടെയാണ് വാഹനം കയറി ഇറങ്ങിയത്. ദിലീപിന്റെ കാലിലെ പരിക്ക് ഗുരുതരമാണ്. തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇരുവരും ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.സംഭവ ശേഷം ഇടിച്ചിട്ട് കാര്‍ ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞത്. ഇയാള്‍ക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.