Wednesday, May 15, 2024
keralaNews

കണ്ണടയെടുക്ക് സാറെ, നന്നായൊന്നു കാണട്ടെ’ തൊഴിലുറപ്പുകാരുടെ ആവശ്യം അംഗീകരിച്ച് സുരേഷ് ഗോപി.

വെയിലില്‍ നില്‍ക്കുന്ന സൂപ്പര്‍താരത്തെ കണ്ടപ്പോള്‍ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് സങ്കടം- ‘വെയിലില്‍ നിന്നു മാറി നില്‍ക്കു സാറെ’ എന്നായി അഭ്യര്‍ഥന. ‘ഈ വെയില്‍ കൊള്ളുന്നതു നല്ലതാണ്, ശരീര വേദന മാറും.വെയിലില്‍ വൈറ്റമിന്‍ ഡി ഉണ്ട്. നിങ്ങള്‍ വെയിലു കൊള്ളുന്നതു കൊണ്ടാണ് നല്ല ആരോഗ്യമുള്ളത്-‘ സുരേഷ് ഗോപി ഉപദേശിച്ചു.’കണ്ണടയെടുക്ക് സാറെ, നന്നായൊന്നു കാണട്ടെ’ എന്നായി അടുത്ത ആവശ്യം. കണ്ണട ഊരി മാറ്റിയെങ്കിലും കോവിഡ് സുരക്ഷ കരുതി മാസ്‌ക് മാറ്റില്ലെന്നായി സുരേഷ് ഗോപി. അടുത്തു വന്നു കാണാനാനുള്ള അവരുടെ ആവശ്യം അംഗീകരിച്ചെങ്കിലും സുരേഷ് ഗോപിക്ക് ഒരു ഡിമാന്‍ഡ്- ‘ഈ നില്‍ക്കുന്ന ഗോപന്‍ ചെന്നിത്തല എന്റെ സ്വന്തം ആളാണ്. എല്ലാവരോടും പറഞ്ഞ് ഗോപനെ വിജയിപ്പിക്കണം!’.അതിനിടയില്‍ തൊടാന്‍ ശ്രമിച്ചവരെ സ്‌നേഹപൂര്‍വം വിലക്കിയെങ്കിലും ഒരാള്‍ എത്തിവലിഞ്ഞ് ഒന്നു തൊട്ടു. ‘ഈ തൊട്ടത് എല്ലാവര്‍ക്കുമായി വീതിച്ചു കൊടുത്തേക്കണം’- എന്നു നയത്തില്‍ പറഞ്ഞ് സുരേഷ് ഗോപി വാഹനത്തിലേക്കു കയറി.അടുത്ത തൊഴിലുറപ്പു ജോലി നടന്ന കേന്ദ്രത്തില്‍ കണ്ട നാടന്‍ ചീര തനിക്ക് എത്തിച്ചു നല്‍കണമെന്നും വില കണക്കു പറഞ്ഞു വാങ്ങണമെന്നും ആവശ്യപ്പെട്ടാണ് സുരേഷ് ഗോപി മടങ്ങിയത്.