Thursday, April 25, 2024
keralaNewspolitics

മുഖ്യമന്ത്രിയുടെ കൈയ്യില്‍ തന്നെയാണ് ആ കറന്‍സികള്‍ എത്തിയത്; സ്വപ്ന സുരേഷ്

പാലക്കാട്: മുഖ്യമന്ത്രിയുടെ കൈയ്യില്‍ തന്നെയാണ് ആ കറന്‍സികള്‍ എത്തിയതെന്ന് സ്വപ്ന സുരേഷ്. നൂറ് ശതമാനം ഉറപ്പാണ്. പാലക്കാട് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്വപ്ന സുരേഷിന്റെ വാക്കുകള്‍ ആയിരുന്നു ഇത്.               ബാഗിലെ കറന്‍സി മുഖ്യമന്ത്രിയുടെ അടുത്ത് തന്നെയാണോ എത്തിയതെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സ്വപ്നയുടെ മറുപടി.

ഞാന്‍ ആ വിമാനത്തില്‍ പോയില്ല, പക്ഷെ ഞാന്‍ വിശ്വസിക്കുന്നത് ആ ഡിപ്ലോമാറ്റ് ബാഗേജ് നിശ്ചയിച്ചിരുന്ന ആള്‍ക്ക് തന്നെ കൈമാറിയെന്നാണ്.

അതായത് ശിവശങ്കര്‍ പറഞ്ഞ വ്യക്തിക്ക്. അപ്പോള്‍ മുഖ്യമന്ത്രിയുടെ കൈയ്യില്‍ തന്നെ എത്തിയെന്നാണ് വിശ്വസിക്കുന്നത് അല്ലേയെന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നൂറ് ശതമാനം, അല്ലാതെ പിന്നെ എന്നായിരുന്നു സ്വപ്നയുടെ മറുപടി.

മുഖ്യമന്ത്രിയുടെ ഒരു ബാഗേജ് കറന്‍സി നിറഞ്ഞത് ഇവിടെ നിന്നും കൊണ്ടുപോയി. വളരെ വ്യക്തമായി മുന്‍പും താന്‍ പറഞ്ഞത് ഒരേ കാര്യം തന്നെയാണ്. കോണ്‍സുലേറ്റിലെ ഒരു ഓഫീസറാണ് അത് സ്വീകരിച്ചു കൊണ്ടുവന്നതും സ്‌കാന്‍ ചെയ്തതും ആ വിവരങ്ങള്‍ ഞങ്ങള്‍ എല്ലാവരും കാണേണ്ടി വരികയും അറിയേണ്ടി വരികയും ചെയ്തു.

പക്ഷെ മുഖ്യമന്ത്രിയുടെ ബാഗേജ് ആയതിനാല്‍ ഞങ്ങള്‍ക്ക് അതിലൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. അത് അയയ്ക്കേണ്ടിടത്ത് അയച്ചു. സ്വപ്ന പറഞ്ഞു.

സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പാലക്കാട് പോലീസ് വിജിലന്‍സ് യൂണിറ്റ് സ്വപ്നയുടെ വീട്ടില്‍ നിന്നും സജിത്തിനെ നിര്‍ബന്ധിച്ച് കൊണ്ടുപോയതിന് പിന്നിലും രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്നാണ് വിലയിരുത്തല്‍.

പോലീസ് തന്നോട് അന്വേഷിച്ചത് ആരാണ് സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെന്ന് മാത്രമാണെന്നും സരിത്ത് പിന്നീട് പറഞ്ഞിരുന്നു.

കോടതിയില്‍ രഹസ്യ മൊഴി നല്‍കിയ ശേഷമാണ് ഇക്കുറി സ്വപ്ന മാദ്ധ്യമങ്ങളെ കണ്ടത്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയെ രക്ഷിച്ചു നിര്‍ത്തുക അത്ര എളുപ്പമല്ലെന്ന് സിപിഎമ്മും തിരിച്ചറിയുന്നുണ്ട്.

രഹസ്യ മൊഴിയിലെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ സ്വപ്നയുടെ എതിര്‍ഭാഗത്തുളളവര്‍ തീര്‍ത്തും ആശയക്കുഴപ്പത്തിലുമാണ്.

അടുപ്പിച്ച് രണ്ട് തവണ മാദ്ധ്യമങ്ങളെ കണ്ടതോടെ കൂടുതല്‍ നീക്കങ്ങളില്‍ നിന്ന് പിന്‍തിരിപ്പിക്കാനുളള ഭീഷണിയായിരുന്നു സരിത്തിനെ ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയ നീക്കം.

16 മാസം ജയിലില്‍ കിടന്നു. എന്റെ മക്കള്‍ അനുഭവിച്ചു. പറഞ്ഞു തീര്‍ന്നിട്ടില്ല, ഇനിയും പറയാന്‍ ഒരുപാട് ഉണ്ട്. സ്വപ്നയുടെ ഈ വാക്കുകള്‍ തന്നെയാണ് എതിര്‍ ക്യാമ്പിനെ വിറളി പിടിപ്പിക്കുന്നത് .

കേസില്‍ അന്വേഷണം ആവശ്യപ്പെട്ടത് ആദ്യം സംസ്ഥാന സര്‍ക്കാരാണെന്ന പഴയ വാദം മാത്രമാണ് ആരോപണത്തെ പ്രതിരോധിക്കാന്‍ സിപിഎമ്മും പോഷക സംഘടനകളും ഉയര്‍ത്തിയ വാദം.