Sunday, April 28, 2024
keralaNewsUncategorized

ആയൂര്‍വേദ മരുന്ന് കമ്പനി ഉടമയെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് പണം ആവശ്യപ്പെട്ട കേസിലെ മുഖ്യപ്രതി പിടിയില്‍

കൊച്ചി: ആയൂര്‍വേദ മരുന്ന് കമ്പനി ഉടമയെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് പണം ആവശ്യപ്പെട്ട കേസിലെ മുഖ്യ പ്രതിയും സൂത്രധാരന്‍ പിടിയില്‍. തിരുപ്പൂര്‍ കെവി.ആര്‍ നഗറില്‍ താമസിക്കുന്ന ആണ്ടിപ്പെട്ടി കുമനന്‍തുളുവില്‍ എസ്.പ്രകാശ് (41) നെയാണ് കുന്നത്തുനാട് പൊലീസ് തിരുപ്പൂരില്‍ നിന്നും പിടികൂടിയത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ ആണെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. കേസില്‍ മൂന്നുപേരെ സംഭവദിവസം രാത്രിതന്നെ പൊലീസ് പിടികൂടിയിരുന്നു. ആയുര്‍വ്വേദ കമ്പനി പുതിയതായി വിപണിയില്‍ എത്തിച്ച മരുന്ന് തമിഴ്‌നാട്ടില്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുണ്ടെന്ന് അറിയിച്ച് ഉടമയെ ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാന്‍ കൊയമ്പത്തൂരിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ആക്രമണം. കോയമ്പത്തൂരിലെത്തിയ കമ്പനി ഉടമയെ വാഹനത്തില്‍ ബലമായി കയറ്റി ഒരു ഫാമിലെത്തിച്ച ശേഷം ഉപദ്രവിച്ചു. പിന്നീട് സംഘം മകനെ വിളിച്ച് 42 ലക്ഷം രൂപ മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ പിതാവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കമ്പിനി ഉടമയുടെ മകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷമം ആരംഭിച്ചു. സംഭവ ദിവസം രാത്രി പൊലീസ് നടത്തിയ ഓപ്പറേഷനില്‍ മൂന്നു പ്രതികളെ പിടികൂടിയിരുന്നു. കൂട്ടാളികളെ പിടികൂടിയത് അറിഞ്ഞ് പ്രകാശ് ഒളിവില്‍ പോയി. തുടര്‍ന്ന് കുന്നത്തുനാട് പോലീസ് തമിഴ്‌നാട്ടില്‍ ക്യാമ്പ് ചെയ്തു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പൊലീസ് ഇന്‍സ്‌പെക്ടറാണെന്നായിരുന്നു പ്രതി ആയുര്‍വ്വേദ കമ്പനി ഉടമയോട് പറഞ്ഞത്. കൊല്ലം, ആലത്തൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ പ്രകാശന്റെ പേരില്‍ തട്ടിക്കൊണ്ട് പോകലിന് കേസുണ്ട്. എ.എസ്.പി. അനൂജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ വി.പി.സുധീഷ്, എ.എസ്.ഐ എ.കെ.രാജു, സീനിയര്‍ സി.പി.ഒ പി.എ.അബ്ദുള്‍ മനാഫ്, സി.പി.ഒമാരായ കെ.എ.സുബീര്‍, ടി.എ.അഫ്സല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.