Tuesday, May 7, 2024
keralaNewsObituary

കേരളത്തിലെ ആത്മഹത്യ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്

തിരുവനന്തപുരം: ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷനും സംയുക്തമായാണ് സെപ്റ്റംബര്‍ 10 ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കുന്നത്. ആത്മഹത്യ തടയാന്‍ കഴിയുമെന്ന വസ്തുതയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.കേരളത്തിലെ ആത്മഹത്യ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. നാലു വര്‍ഷമായി ആത്മഹത്യ കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2017 മുതല്‍ 2021 വരെ അഞ്ചുവര്‍ഷത്തിനിടയില്‍ 42,712 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 2021-ല്‍ ഏറ്റവും അധികം ആത്മഹത്യ നടന്നത് തിരുവനന്തപുരം ജില്ലയിലാണ്. 1416 പേരുടെ ജീവനാണ് പൊലിഞ്ഞത്. ലക്ഷത്തില്‍ 42 എന്നതാണ് ജില്ലയിലെ നിരക്ക്. കൊല്ലം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 1068 പേരാണ് ഒരു വര്‍ഷത്തിനിടയില്‍ ആത്മഹത്യ ചെയ്തത്. ഏറ്റവും കുറവ് നിരക്ക് മലപ്പുറത്താണ്.നിരാശ, അനിയന്ത്രിതമായ കോപം, പ്രതികാരം ചെയ്യുക, അശ്രദ്ധമായി പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, ചിന്തിക്കാതെ ഒരു വഴിയുമില്ല എന്ന മട്ടില്‍ കുടുങ്ങിപ്പോകുക, മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ഉപയോഗം വര്‍ദ്ധിക്കുക, സുഹൃത്തുക്കളില്‍ നിന്ന് പിന്‍വാങ്ങല്‍, കുടുംബവും സമൂഹവും, ഉത്കണ്ഠ, പ്രക്ഷോഭം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവയൊക്കെ ആത്മഹത്യയുടെ ലക്ഷണങ്ങളാണ്.15നും 45-നും ഇടയില്‍ പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്തവരില്‍ 44 ശതമാനവും. 4249 പേരാണ് മരിച്ചത്. 46-നും 59-നും ഇടയില്‍ പ്രായമുള്ള 2659 പേരും 60-തിന് മുകളിലുള്ള 2558 പേരും ആത്മഹത്യ ചെയ്തു. 14 വയസ്സിന് താഴെയുള്ള 77 കുട്ടികളും ആത്മഹത്യ ചെയ്തിട്ടുണ്ട്. ആത്മഹത്യയിലെ പുരുഷ-സ്ത്രീ അനുപാതം 3:1 ആണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ 78.4 ശതമാനം ആളുകളും തൂങ്ങിമരണം തിരഞ്ഞെടുത്തവരാണ്. 9.4 ശതമാനം പേര്‍ വിഷം കഴിച്ച് മരിച്ചവരാണ്. 5.2 ശതമാനം കുട്ടികള്‍ക്കുമാണ് കഴിഞ്ഞ വര്‍ഷത്തില്‍ ജീവന്‍ വെടിഞ്ഞത്. 21 ശതമാനം പേര്‍ ശാരീരിക, മാനസിക രോഗങ്ങള്‍ കാരണവും ആത്മഹത്യ തിരഞ്ഞെടുത്തു. പ്രതീക്ഷ സൃഷ്ടിക്കുകയെന്നതാണ് 2022- ലെ ലോക ആത്മഹത്യ പ്രതിരോധദിനത്തിന്റെ പ്രമേയം. ആത്മഹത്യ തടയുന്നതില്‍ സമൂഹത്തിന് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഒരു വര്‍ഷം എട്ടു ലക്ഷം മരണങ്ങള്‍ ആത്മഹത്യ കൊണ്ട് സംഭവിക്കുന്നുണ്ട്.അതായത് ഓരോ 40 സെക്കന്‍ഡിലും ഒരു ആത്മഹത്യ സംഭവിക്കുന്നു. അനുകമ്പയും സഹാനുഭൂതിയും ഉള്ള ഒരാള്‍ക്ക് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന ഒരാളുടെ പ്രത്യാശ വീണ്ടെടുക്കാന്‍ കഴിയും. അതിനായി സമൂഹം ശ്രമിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.