Saturday, May 4, 2024
HealthkeralaNews

ആമിര്‍ ഖാന് കോവിഡ് പോസിറ്റീവ്; വീട്ടില്‍ നിരീക്ഷണത്തില്‍

ബോളിവുഡ് താരം ആമിര്‍ഖാന് കോവിഡ് പോസിറ്റീവ്. നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ് താരം. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത് സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പരിശോധന നടത്തണമെന്ന് ആമിര്‍ ഖാന്‍ ആവശ്യപ്പെട്ടു.

താരത്തിന്റെ ആരോഗ്യനില തൃപ്തമാണെന്നും നിലവില്‍ വീട്ടില്‍ ക്വാറന്റീനിലാണെന്നും അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. നേരത്തേ ബോളിവുഡ് യുവതാരം കാര്‍ത്തിക് ആര്യനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.ബൂല്‍ ബുലയ്യ 2 ചിത്രീകരണത്തിനിടയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചിത്രത്തില്‍ കാര്‍ത്തിക്കിന്റെ സഹതാരമായ കിയാര അദ്വാനിയും സംവിധായകന്‍ അനീസ് ബസ്മീയും കോവിഡ് ടെസ്റ്റിന് വിധേയരായി. ഇരുവരുടേയും ഫലം നെഗറ്റീവാണ്. ബോളിവുഡ് താരങ്ങളായ, റണ്‍ബീര്‍ കപൂര്, മനോജ് ബാജ്‌പേയ്, സിദ്ധാന്ത് ചതുര്‍വേദി, താര സുതാരിയ, സതീഷ് കൗശിക്, എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ലാല്‍ സിംഗ് ചദ്ദയാണ് ആമിര്‍ഖാന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. പ്രശസ്ത ഹോളിവുഡ് സിനിമ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി പതിപ്പാണ് ലാല്‍ സിംഗ് ചദ്ദ. കരീന കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

കഴിഞ്ഞ വര്‍ഷമായിരുന്നു ചിത്രത്തിന്റെ റിലീസ് ഈ വര്‍ഷം ക്രിസ്മസിന് ഉണ്ടാകുമെന്ന് അറിയിച്ചത്. അമൃത്സര്‍, ഛണ്ഡീഗഡ്, കൊല്‍ക്കത്ത, ഹിമാചല്‍ പ്രദേശ് തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഇതും ലോക്ക്ഡൗണ്‍ മൂലം മുടങ്ങി.1986 ല്‍ പുറത്തിറങ്ങിയ വിന്‍സ്റ്റണ്‍ ഗ്രൂമിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് റോബര്‍ട്ട് സെമാക്കിസ് അതേ പേരില്‍ ഫോറസ്റ്റ് ഗംപ് ഒരുക്കിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ, തുടങ്ങി നിരവധി ഓസ്‌കാറുകള്‍ ചിത്രം നേടിയിരുന്നു.

മാര്‍ച്ച് 14ന് തന്റെ 56ാം പിറന്നാള്‍ ദിവസം ആമിര്‍ഖാന്‍ സോഷ്യല്‍മീഡിയ ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നു. ഇതാദ്യമായല്ല ആമിര്‍ ഖാന്‍ ഇത്തരമൊരു തീരുമാനം എടുക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍, തന്റെ വരാനിരിക്കുന്ന ചിത്രം ലാല്‍ സിംഗ് ചദ്ദയുടെ റിലീസ് വരെ ഫോണ്‍ ഓഫ് ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. സെറ്റില്‍ ആയിരിക്കുമ്‌ബോള്‍ ഉപകരണം നിരന്തരം റിംഗ് ചെയ്യുന്നതു കൊണ്ട് ശല്യമുണ്ടാവാതിരിക്കാനാണ് ഫോണ്‍ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തത് എന്ന് ആമിര്‍ പറഞ്ഞു.