Friday, May 10, 2024
keralaNews

റോഡ് തകര്‍ന്നതോടെ അപകടാവസ്ഥയിലായി പാല്‍ച്ചുരം

റോഡ് തകര്‍ന്നതോടെ അപകടാവസ്ഥയിലായി വയനാട്കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ച്ചുരം. കുത്തനെയുള്ള കയറ്റത്തില്‍ പലയിടത്തും ടാര്‍ ഇളകിമാറി വലിയ കുഴികള്‍ രൂപപ്പെട്ടു. 2018ലെ പ്രളയത്തില്‍ തകര്‍ന്ന ചുരം പുനര്‍നിര്‍മിക്കാന്‍ ഇതുവരെ നടപടിയില്ല. ഒന്ന്, രണ്ട് ഹെയര്‍പിന്‍ വളവുകളിലും ആശ്രമം കവല എന്നിവടങ്ങളിലും ടാര്‍ ഇളകിപൊളിഞ്ഞ് ചുരംറോഡ് താറുമാറായി. പതിനഞ്ച് ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് നിലവില്‍ ചുരത്തില്‍ പ്രവേശനമില്ല. പക്ഷെ അപകടകരമായ സാഹചര്യത്തിലും ഇത്തരം വാഹനങ്ങള്‍ പാല്‍ച്ചുരത്തിലൂടെ യഥേഷ്ടം സഞ്ചരിക്കുന്നു. ദൂരം കുറവാണെങ്കിലും ചുരമാകെ കുത്തനേയുള്ള കയറ്റമാണ്. ചുരംറോഡ് തകര്‍ന്നതോടെ അപകടസാധ്യത വര്‍ധിച്ചു. പലയിടത്തും കൈവരികള്‍ പോലുമില്ല.

2018ലെ പ്രളയത്തില്‍ തകര്‍ന്ന ചുരംറോഡ് ഗതാഗതയോഗ്യമല്ലെന്ന് അന്നത്തെ കണ്ണൂര്‍ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയും റോഡ് സമഗ്രമായി പുനര്‍നിര്‍മിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. പാല്‍ച്ചുരത്തിന്റെ ചുമതലയുള്ള വടകര ചുരം ഡിവിഷന്‍ പത്തുകോടി രൂപയുടെ സമഗ്രപുനര്‍നിര്‍മാണ പദ്ധതി തയാറാക്കി സര്‍ക്കാരിന് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വയനാട്ടില്‍നിന്നുള്ള എളുപ്പവഴി കൂടിയായ പാല്‍ച്ചുരം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.