Saturday, May 4, 2024
keralaNewsObituary

അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചുമൂടിയ മൃതദേഹം സിന്ധുവിന്റേത് 

ഇടുക്കി പണിക്കന്‍കുടിയില്‍ അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം സിന്ധുവിന്റേതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മൃതദേഹത്തിന് മൂന്നാഴ്ച പഴക്കമെന്ന് നിഗമനം. തെളിവ് നശിപ്പിക്കാന്‍ പ്രതി ശ്രമിച്ചതായും സൂചനയുണ്ട്. സംഭവം പുറത്തുവന്നതിന് പിന്നാലെ ബിനോയ് ഒളിവിലാണ്. കേസില്‍ സംശയിക്കുന്ന അയല്‍വാസി ബിനോയ് ഒളിവിലാണ്.

ഫൊറന്‍സിക്ക് സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍കോളജിലേക്ക് മാറ്റും. ബിനോയിയുമായി സൗഹൃദത്തിലായിരുന്ന സിന്ധു ഭര്‍ത്താവുമായി പിരിഞ്ഞ് ഇളയ മകനോടൊപ്പം 2016ല്‍ ആണ് കാമാക്ഷിയില്‍ നിന്ന് പണിക്കന്‍കുടിയില്‍ എത്തി വാടക വീട്ടില്‍ താമസമാരംഭിച്ചത്. ബിനോയിയുടെ വീടിനോട് ചേര്‍ന്നായിരുന്നു ഇത്. ഭര്‍ത്താവും മൂന്ന് മക്കളുമുള്ള സിന്ധു ബന്ധമുപേക്ഷിച്ചാണ് സുഹൃത്തായിരുന്ന ബിനോയിയുടെ വീട്ടിന് സമീപം വന്ന് താമസിച്ചതെന്ന് പോലീസ് പറയുന്നു. സംശയത്തിന്റെ പേരില്‍ പലപ്പോഴും ബിനോയിയും സിന്ധുവും വഴക്ക് പതിവായിരുന്നു. കഴിഞ്ഞ 11ന് സിന്ധു മകളെ ഫോണ്‍ ചെയ്ത് ബിനോയിയുമായി വഴക്കുണ്ടായ കാര്യം അറിയിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു.

മുന്‍ ഭര്‍ത്താവ് അസുഖബാധിതനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയവേ സിന്ധു നാലുദിവസം അവിടെയായിരുന്നു. ഇതേച്ചൊല്ലിയായിരുന്നു കലഹം. അന്നുമുതലാണ് സിന്ധുവിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതിപ്പെട്ടു. പിറ്റേന്ന് പോലീസ് എത്തിയതറിഞ്ഞ് ബിനോയി ഒളിവില്‍പ്പോയി. പോലീസും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തിയെങ്കിലും സിന്ധുവിനെ കണ്ടെത്താനായില്ല. ബിനോയിയുടെ വീട്ടിലെ അടുക്കള പുതുക്കിപ്പണിതെന്ന് സിന്ധുവിന്റെ ഇളയമകന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം വേണ്ടവിധം പരിശോധിക്കാന്‍ പോലീസ് തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇന്നലെ ബന്ധുക്കളെത്തി അടുക്കളയിലെ അടുപ്പ് പൊളിച്ചുനീക്കി രണ്ടടിയോളം മണ്ണ് മാറ്റിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സംഭവം പോലീസില്‍ അറിയിക്കുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്ന് റാന്നി, പൊള്ളാച്ചി, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ അന്വേഷിച്ചെങ്കിലും ബിനോയിയെ പിടികൂടാനായില്ല. ഇയാള്‍ തമിഴ്നാട്ടിലുണ്ടെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തും.