Monday, May 6, 2024
keralaNews

ഒറ്റ വിദ്യാര്‍ഥിനിക്ക് വേണ്ടി ഒരു കോഴ്‌സ് നടത്തി എംജി സര്‍വകലാശാല.

ഒറ്റ വിദ്യാര്‍ഥിനിക്ക് വേണ്ടി ഒരു കോഴ്‌സ് നടത്തി എംജി സര്‍വകലാശാല. നിയമയുദ്ധം ജയിച്ചെത്തിയ ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് വേണ്ടിയാണ് ഒരു വര്‍ഷ എല്‍എല്‍എം കോഴ്‌സ് നടത്താന്‍ സര്‍വകലാശാല നിര്‍ബന്ധിതമായത്. എംജി സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്‌സില്‍ ആണ് ഈ അസാധാരണ കോഴ്‌സ്.എം.ജി സര്‍വകലാശാല ഉടന്‍ തുടങ്ങുന്ന ഒരു വര്‍ഷ എല്‍എല്‍എം കോഴ്സില്‍ ഒരൊറ്റ വിദ്യാര്‍ഥിനിയേ ഉള്ളൂ, കോട്ടയം സ്വദേശിനി ലക്ഷ്മി ജയകുമാര്‍. സര്‍വകലാശാലയുമായി നീണ്ട നിയമയുദ്ധം ജയിച്ചാണ് ലക്ഷ്മി കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. ഭിന്നശേഷിക്കാരിയായ ലക്ഷ്മി 2019 ലാണ് എംജി യൂണിവേഴ്‌സിറ്റിയുടെ തന്നെ കോളജില്‍ എല്‍എല്‍ബി പൂര്‍ത്തിയാക്കിയത്. എല്‍എല്‍ബിയുടെ ആദ്യ സെമസ്റ്ററുകളില്‍ എല്ലാം ഗ്രേസ് മാര്‍ക്ക് കിട്ടിയ ലക്ഷ്മിക്ക് അവസാന സെമസ്റ്ററുകളില്‍ യൂണിവേഴ്സിറ്റി സാങ്കേതികത്വം പറഞ്ഞു ഗ്രേസ് മാര്‍ക്ക് നല്‍കിയില്ല. ലക്ഷ്മിയുടെ ഭിന്നശേഷി ഗ്രേസ് മാര്‍ക്ക് പരിധിയില്‍ വരില്ലെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് നിലപാട്. എംജി സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്‌സിന്റെ എല്‍എല്‍എം കോഴ്സിന് ചേരാന്‍ തീരുമാനിച്ച ലക്ഷ്മിക്ക് എന്‍ട്രന്‍സ് പാസായെങ്കിലും ഗ്രേസ് മാര്‍ക് കുറവുകാരണം അഡ്മിഷന്‍ കിട്ടിയില്ല.ഇതോടെ വിദ്യാര്‍ത്ഥിനി ഹൈക്കോടതിയെ സമീപിച്ചു. മെഡിക്കല്‍ ബോര്‍ഡ് നിലപാട് തള്ളിയ കോടതി ഉടന്‍ എല്‍എല്‍എം അഡ്മിഷന്‍ നല്‍കണമെന്ന് ഉത്തരവിട്ടു. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് വേണമന്ന നിലപാടില്‍ വീണ്ടും സര്‍വകലാശാല ഉറച്ചുനിന്നു. ഇതോടെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി നീക്കം തുടങ്ങി. കോടതിയുടെ ശകാരം ഏറ്റുവാങ്ങിയ രജിസ്ട്രാര്‍ അഡ്മിഷന്‍ നല്‍കാമെന്ന് അറിയിച്ചു.പക്ഷേ അപ്പോഴേക്കും ഒരു വര്‍ഷത്തെ എല്‍എല്‍എം കോഴ്‌സ് യൂണിവേഴ്സിറ്റി അവസാനിപ്പിച്ചിരുന്നു. ബാര്‍ കൗണ്‍സില്‍ അംഗീകാരമുള്ള പുതിയ എല്‍എല്‍എം കോഴ്‌സിന്റെ കാലാവധി രണ്ട് വര്‍ഷമാക്കിയിരുന്നു. ഈ പുതിയ കോഴ്‌സില്‍ ലക്ഷ്മിക്ക് അഡ്മിഷന്‍ നല്‍കാമെന്ന് സര്‍വകലാശാല അറിയിച്ചിട്ടും കോടതി വഴങ്ങിയില്ല. ഇതോടെയാണ് ലക്ഷ്മിക്ക് മാത്രമായി ഒരു വര്‍ഷ എല്‍എല്‍എം കോഴ്‌സ് വീണ്ടും തുടങ്ങേണ്ട അവസ്ഥയില്‍ യൂണിവേഴ്സിറ്റി എത്തിയത്.ഇതിനായി ഗസ്റ്റ് ലക്ചര്‍മാരെ നിയമിച്ചു കഴിഞ്ഞു. ലക്ഷ്മിക്ക് മാത്രമായുള്ള ക്ലാസുകള്‍ ഉടന്‍ തുടങ്ങും. സര്‍വകലാശാലയുടെ പക്ഷത്ത് വീഴ്ചയില്ലെന്നും തടസമായത് നിയമങ്ങളാണെന്നും വിസി വിശദീകരിക്കുന്നു. സര്‍വകലാശാലാ നിയമങ്ങള്‍ പൊളിച്ചെഴുതേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഭിന്നശേഷിയെ അതിജീവിച്ചു പഠിച്ച സമര്‍ഥയായ വിദ്യാര്‍ത്ഥിനിക്ക് ഒരു വര്‍ഷത്തെ അധ്യയന നഷ്ടം. സര്‍വകലാശാലയ്ക്ക് ധനനഷ്ടവും മാനനഷ്ടവും. ആരുടെ ഭാഗത്താണ് തെറ്റ്? നിയമങ്ങളാണോ ഉദ്യോഗസ്ഥരാണോ തിരുത്തേണ്ടത്? ഈ ചോദ്യങ്ങളാണ് ബാക്കിയാകുന്നത്.