സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിന് നടപടി സ്വീകരിക്കും

 

രാജ്യത്തെ റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തന്നെ തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. ആര്‍ബിഐ നിരക്കുകളില്‍ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു. മൂന്നുദിവസം നീണ്ടുനിന്ന വായ്പാവലോകന യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മെയിലാണ് 40 ബേസിസ് പോയന്റ് കുറച്ച് റിപ്പോ നിരക്ക് നാലുശതമാനമാക്കിയത്. ഫെബ്രുവരിക്കുശേഷം ഇതുവരെ റിപ്പോ നിരക്കില്‍ 1.15ശതമാനമാണ കുറവ് വരുത്തിയത്. കൂടാതെ കൊറോണയുടെ പശ്ചാത്തലത്തില്‍ വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്നതിന് ആര്‍ബിഐ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ഇവയെല്ലാം മുന്‍ നിര്‍ത്തിയാണ് ഇപ്പോള്‍ നിരക്കുകളില്‍ മാറ്റം വരുത്തുന്നില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.
രാജ്യത്തെ പണലഭ്യത വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക സമ്മര്‍ദം ലഘൂകരിക്കുന്നതിനും വായ്പ കൂടുതലായി വിപണിയിലെത്തുന്നതിനും ഡിജിറ്റല്‍ പണമിടപാട് സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ പ്രഖ്യാപിക്കും. സ്റ്റാര്‍ട് അപ്പുകള്‍ക്കും മുന്‍ഗണന നല്‍കി പണ ലഭ്യത ഉറപ്പുവരുത്തും. നബാര്‍ഡിന് പണ ലഭ്യത ഉറപ്പുവരുത്തുന്നതിനായും നടപടികള്‍ കൈക്കൊള്ളും. ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പകളും ഉറപ്പുവരുത്തും.അതേസമയം പണപ്പെരുപ്പ നിരക്കുകള്‍ കൂടുന്നതാണ് റിസര്‍വ് ബാങ്ക് നേരിടുന്ന വെല്ലുവളി. ലോക്ക് ഡൗണ്‍മൂലം വിതരണശൃംഖലയില്‍ തടസ്സമുണ്ടായതിനാല്‍ ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പം 7.2ശതമാനമായി ഉയര്‍ന്നിരുന്നു. ജൂണിലാകട്ടെ
6.1ശതമാനത്തിലെത്തുകയും ചെയ്തു. അടുത്ത കുറച്ചുമാസങ്ങളിലും പണപ്പെരുപ്പ നിരക്ക് കൂടുതലായിതന്നെ തുടരുമെന്നാണ് വിലയിരുത്തല്‍.