സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. മലപ്പുറം, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കോട്ടക്കല്‍ സ്വദേശിനി ഫാത്തിമയാണ് (65) മരിച്ചവരില്‍ ഒരാള്‍. ഇവര്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. ഇന്നലെ രാത്രി 11 മണിക്കാണ് ഇവര്‍ മരിച്ചത്. കണ്ണൂര്‍ സ്വദേശിയാണ് മരിച്ച മറ്റൊരാള്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. മെഡിക്കല്‍ കോളജില്‍ നടത്തിയ ആദ്യ പരിശോധന ഫലം പോസിറ്റീവായിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധന ഫലം വരാനുണ്ട്.
സംസ്ഥാനത്ത് ഇന്നലെ മാത്രം ഏഴ് പേരുടെ മരണമാണ് കൊവിഡിനെ തുടര്‍ന്ന് സ്ഥിരീകരിച്ചത്. ഇതുവരെ 146 പേരാണ് കൊവിഡ് ബാധിച്ച് കേരളത്തില്‍ മരിച്ചത്. ചികിത്സയിലിരിക്കെ ഉണ്ടായ മരണങ്ങള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സിസ്റ്റ്യൂട്ടില്‍ നടത്തുന്ന പരിശോധനയ്ക്ക് ശേഷമായിരിക്കും സ്ഥിരീകരിക്കുക.
സംസ്ഥാനത്ത് ഇന്നലെ മാത്രം 1,608 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം, തിരുവനന്തപുരം ജില്ലകളിലായിരുന്നു കൂടുതല്‍ രോഗികള്‍. 14,891 പേരാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,779 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. നിലവില്‍ 562 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുളളത്.