വീരമൃത്യു വരിച്ച ജവാന്മാരുടെ വീട്ടില്‍ നിന്നും മണ്ണ് ശേഖരിച്ച് അയോദ്ധ്യയില്‍ രാമ ക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജാ ചടങ്ങിനായി നല്‍കി പത്ത് വയസുകാരന്‍. വീരമൃത്യു വരിച്ച 1600 ജവാന്മാരുടെ വീടുകള്‍ സന്ദര്‍ശിച്ച് ദേവ് പരാശര്‍ എന്ന കുഞ്ഞ് ശ്രദ്ധേയനാകുന്നത്. ലിറ്റില്‍ സോള്‍ജിയര്‍ എന്ന അറിയപ്പെടുന്ന ദേവ് പരാശര്‍ മാതൃ രാജ്യത്തിനായി ജീവന്‍ ത്യജിച്ച ജവാന്മാരുടെ വീട് സന്ദര്‍ശിക്കുക, അവരുടെ കുടുംബാംഗങ്ങളെ കാണുക, അവിടുത്തെ മണ്ണ് ശേഖരിക്കുക എന്നിയവയാണ് ദേവ് പരാശറിന്റെ ലക്ഷ്യം.
രാജ്യത്തിനായി വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ലഭിക്കുന്ന ഓരോ നിമിഷവും ദേവിന് വിലപ്പെട്ടതാണ്. രക്തസാക്ഷികളുടെ വീടുകളില്‍ നിന്നും താന്‍ ശേഖരിച്ച മണ്ണ് അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന്റെ ഭാഗമായുള്ള ഭൂമി പൂജയ്ക്ക് നല്‍കിയിരിക്കുകയാണ് ദേവ്. അയോദ്ധ്യയിലെത്തി ശ്രീരാമ ജന്മ ഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് ദേവ് മണ്ണ് കൈമാറി.
രാജ്യത്തിനായി ജീവന്‍ ത്യജിച്ച വീര ജവാന്മാരോടുള്ള ആദര സൂചകമായി ഭൂമി പൂജയ്ക്കായി ഈ മണ്ണ് ഉപയോഗിക്കുമെന്ന് ട്രസ്റ്റ് അംഗങ്ങള്‍ വ്യക്തമാക്കി. തറക്കല്ലിടല്‍ കര്‍മ്മത്തോടനുബന്ധിച്ചുള്ള ഭൂമി പൂജയുടെ ഒരുക്കങ്ങള്‍ അയോദ്ധ്യയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 5 നാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നത്.

You must be logged in to post a comment Login