മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് പെട്ടിമുടി സന്ദര്‍ശിക്കും.

 

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടി ഇന്ന് സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും മൂന്നാറിലെത്തും. ദുരന്തം ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്താത്തതില്‍ വിമര്‍ശനവുമായി പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരത്ത് നിന്ന് രാവിലെ ഒമ്പതു മണിയോടു കൂടിയാണ് മുഖ്യമന്ത്രിയും ഗവര്‍ണറും പെട്ടിമുടിയിലേക്ക് പുറപ്പെടുക. മൂന്നാറിലെ ആനച്ചാലില്‍ ഹെലികോപ്ടറില്‍ ഇറങ്ങി അവിടെ നിന്ന് അപകട സ്ഥലത്തേക്ക് പോകും. കാലാവസ്ഥ കൂടി പരിഗണിച്ചാകും യാത്ര. പ്രതികൂല കാലവസ്ഥയാണെങ്കില്‍ യാത്ര മാറ്റിവെക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പൂര്‍ണ്ണമായ ശേഷം ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വാങ്ങും. വിശദമായ ചര്‍ച്ചക്ക് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. ദുരന്തത്തില്‍പ്പെട്ടവരുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും.