മൂന്നു വയസ്സുകാരന്‍ പൃഥ്വിരാജിന്റെ മരണകാരണം നാണയമല്ലെന്ന് എക്സ് റേ. മരിച്ച കുട്ടിയുടെ എക്‌സ് റേ ദൃശ്യങ്ങളില്‍ നാണയമിരിക്കുന്നത് മരണകാരണമാകുന്ന തരത്തില്‍ ശ്വാസനാളത്തിലല്ലയെന്നും ആമാശയത്തിലാണെന്നും എക്‌സ് റേയില്‍ വ്യക്തമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആലുവ ജില്ലാ ആശുപത്രിയില്‍നിന്നും ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്നും എടുത്ത എക്‌സ് റേകളിലാണ് ഇത് വ്യക്തമാക്കുന്നത്.
അതിനിടെ കുട്ടിയുടെ കോവിഡ് പരിശോധനാഫലവും നെഗറ്റീവാണെന്നു തെളിഞ്ഞു. മരണശേഷം നടത്തിയ ട്രൂനാറ്റ് ടെസ്റ്റിലാണ് ഫലം നെഗറ്റിവായത്. മരണകാരണം വ്യക്തമാകണമെങ്കില്‍ ഇനി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം. സംഭവം വിവാദമായ സാഹചര്യത്തില്‍ പൊലീസ് സര്‍ജനായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടത്തുക.
എന്നാല്‍ ആമാശയത്തില്‍ കുടുങ്ങിയ നാണയം കുഞ്ഞിന്റെ ജീവന് ഭീഷണിയല്ലെന്നു കാണിച്ചാണ് ആശുപത്രിയില്‍നിന്നു മടങ്ങാന്‍ അധികൃതര്‍ പറഞ്ഞതെന്നാണ് വിവരം. ശസ്ത്രക്രിയ നടത്തിയോ, ട്യൂബ് ഇട്ടോ നാണയം എടുക്കേണ്ട ആവശ്യമില്ലെന്നും രണ്ടോ മൂന്നോ ദിവസത്തിനകം ഇതു സ്വഭാവികമായി വയറ്റില്‍നിന്നു പുറത്തുവരുമെന്നുമായിരുന്നു ഡോക്ടര്‍മാര്‍ കണക്കാക്കിയത്. ശിശുരോഗവിദഗ്ധര്‍ ഉള്‍പ്പെടെ കുട്ടിയെ പരിശോധിക്കുകയും ചെയ്തിരുന്നു.