ശ്രീരാമജന്മഭൂമിയില്‍ ‘രാം ലല്ല’ ക്ഷേത്ര പുനര്‍ നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജയ്ക്ക് അണിഞ്ഞൊരുങ്ങി അയോദ്ധ്യ. തിങ്കളാഴ്ച തുടങ്ങിയ വേദമന്ത്രജപം ഉച്ചസ്ഥായിയിലെത്തി. 21 പുരോഹിതന്മാരാണ് രാമചര്യപൂജയുടെ ഭാഗമായി വേദമന്ത്രങ്ങള്‍ ജപിക്കുന്നത്. അയോധ്യയില്‍ നിന്നുള്ള എട്ടുപേരെ കൂടാതെ വാരാണസി, ഡല്‍ഹി, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് പൂജാരിമാരും എത്തിയിട്ടുണ്ട്.
ഹനുമാന്‍ ക്ഷേത്രത്തിലും ഇതിനൊപ്പം വേദജപം പുരോഗമിക്കുകയാണ്. അയോധ്യയുടെ സംരക്ഷകനാണ് ഭഗവാന്‍ ഹനുമാനെന്നും അതിനാല്‍ ഭൂമി പൂജ തുടങ്ങും മുമ്പ് സമ്മതം ചോദിക്കാനുള്ള പൂജ വേദപാരായണത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ തുടങ്ങിയിട്ടുണ്ടെന്നും ശ്രീരാമതീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അംഗം അനില്‍ മിശ്ര പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി 12.15-ന് ശിലാന്യാസം നടത്തുന്നതുവരെ അയോധ്യയില്‍ വേദജപം തുടരും. പതിറ്റാണ്ടുകളായ ആഗ്രഹത്തിന്റെ സാഫല്യമായതിനാല്‍ ക്ഷേത്രനഗരി ഭക്തജനങ്ങള്‍ മത്സരിച്ച് അലങ്കരിക്കുകയാണെന്ന് ഹനുമാന്‍ ഗഡിയില്‍ വളവില്‍പ്പനക്കാരനായ ജയപ്രകാശ് ജിംഗ്ലി ഒരു സ്വകാര്യമാധ്യമത്തോട് പ്രതികരിച്ചു.
റോഡുകളും കെട്ടിടങ്ങളും തെരുവുകളും വീടുകളും സരയൂതീരവും സ്‌നാനഘട്ടുകളും ദീപങ്ങളും വര്‍ണങ്ങളും ചിത്രങ്ങളും പൂക്കളും നിറഞ്ഞ് മനോഹരമായി. അയോധ്യയിലെ പാതകളിലെല്ലാം വൈദ്യുതിവിളക്കുകള്‍ തെളിഞ്ഞു നില്‍ക്കുന്നു. ചുവരുകളിലെല്ലാം കലാകാരന്മാരുടെ രാമകഥാ ചിത്രീകരണം. റോഡരികിലെ കെട്ടിടങ്ങള്‍ക്കെല്ലാം മംഗളസൂചകമായ മഞ്ഞ നിറം.പ്രധാനമന്ത്രി ആദ്യം തൊഴാന്‍ എത്തുന്ന ഹനുമാന്‍ ക്ഷേത്രം അണുവിമുക്തമാക്കി. പുണ്യഭൂമിയിലെ ഇരുപതിനായിരത്തോളം വരുന്ന ക്ഷേത്രങ്ങളും മോടി പിടിപ്പിച്ചു. ഇതിനു പുറമേ മൂന്നു വലിയ മണ്‍ചെരാതുകളും ചൊവ്വാഴ്ച തെളിയിച്ചു. ബുധനാഴ്ച വരെ ഇത് കെടാതെ കത്തും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പുണ്യനദികളില്‍ നിന്ന് ജലം, ചരിത്രപരമായി പ്രാധാന്യവും പവിത്രവുമായ സ്ഥലങ്ങളില്‍ നിന്നും മതസ്ഥാപനങ്ങളില്‍നിന്നും മണ്ണ്, കല്ല് തുടങ്ങിയവയും ക്ഷേത്രനിര്‍മിതിക്കായി എത്തിച്ചിട്ടുണ്ട്.അതേസമയം തിങ്കളാഴ്ച രാത്രി തന്നെ നഗരാതിര്‍ത്തികളെല്ലാം പോലീസ് അടച്ചു. വിവിധ റോഡുകളിലായി 75 ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു. നാലായിരത്തോളം പോലീസുകാരെ നഗരത്തില്‍ നിയോഗിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നത് നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും മുഴുവന്‍ സമയവുമുണ്ട്. അഞ്ഞൂറോളം ശുചീകരണത്തൊഴിലാളികളെയും വിന്യസിച്ചു.
ഭൂമിപൂജാ ദിനത്തില്‍ രാം ലല്ല ധരിക്കുക പച്ചയും ഓറഞ്ചും നിറമുള്ള വസ്ത്രങ്ങള്‍ ആണ്. ബുധനാഴ്ച ആയതിനാലാണ് പച്ച. മംഗളദിനമായതിനാല്‍ ഓറഞ്ചും. രാംലല്ലയ്ക്ക് വസ്ത്രധാരണത്തിന് ചിട്ടകളുണ്ട്. തിങ്കളാഴ്ച വെള്ള, ചൊവ്വാഴ്ച ചുവപ്പ്, വ്യാഴാഴ്ച മഞ്ഞ, വെള്ളിയാഴ്ച ക്രീം നിറം, ശനി നീല, ഞായര്‍ പിങ്ക് എന്നിങ്ങനെയാണ് അണിഞ്ഞൊരുക്കം. മംഗളദിനങ്ങളിലെല്ലാം ഓറഞ്ചുനിറമുണ്ടാകും.
ബുധനാഴ്ച ധരിക്കാനുള്ള വസ്ത്രങ്ങള്‍ 1985 മുതല്‍ പ്രതിഷ്ഠക്കുള്ള വസ്ത്രങ്ങള്‍ തുന്നുന്ന സഹോദരങ്ങളായ ശങ്കര്‍ലാലും ഭഗവത് ലാലും രാമക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്രദാസിന് ഞായറാഴ്ച കൈമാറി. 11 മീറ്ററായിരുന്നു പതിവായി ഉപയോഗിച്ചിരുന്നതെങ്കില്‍ 17 മീറ്റര്‍ തുണിയാണ് ഇതിനായി ഉപയോഗിച്ചത്.ഭൂമി പൂജാ വേളയില്‍ ഭഗവാന് 1,11,000 ലഡു നിവേദിക്കും. ശേഷം ഇവ സ്റ്റീല്‍ പാത്രങ്ങളിലാക്കി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ക്കും ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും അയോധ്യയിലെങ്ങുമുള്ള ഭക്തജനങ്ങള്‍ക്കും വിതരണം ചെയ്യും.