പ്രശസ്ത ആണവവിരുദ്ധ ആക്റ്റിവിസ്റ്റും എഴുത്തുകാരിയുമായ ഇലീന സെന്‍ (69) അന്തരിച്ചു. പരിസ്ഥിതിപ്രവര്‍ത്തകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ഡോ. ബിനായക് സെന്നിന്റെ ഭാര്യയാണ്. കാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നു.ഭര്‍ത്താവ് ബിനായക് സെന്നുമായി ചേര്‍ന്ന് ഇലീന സെന്‍ രൂപാന്തര്‍ എന്ന സംഘടന രൂപീകരിച്ച് അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വംനല്‍കി. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, മഹാത്മാഗാന്ധി ഇന്റര്‍നാഷനല്‍ ഹിന്ദി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പ്രഫസറായിരുന്ന ഇലിന കോര്‍പറേറ്റ് വല്‍ക്കരണത്തിനെതിരെ ഛത്തീസ്ഗഡിലെ ഖനിത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്തതിലൂടെ ശ്രദ്ധേയയായി.ഭര്‍ത്താവുമായി ചേര്‍ന്ന് ആദിവാസികളുടെ അവകാശങ്ങള്‍ക്കായും പോരാടി. ആരോഗ്യരംഗമായിരുന്നു മറ്റൊരു പ്രവര്‍ത്തനമേഖല. രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രണ്ടും ഛത്തീസ്ഗഡുമായി ബന്ധപ്പെട്ടാണ്.
ഡോ. ബിനായക് സെന്നിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഏറെ അനുഭവിക്കേണ്ടിവന്ന ഇലീന എങ്കിലും അവസാനം വരെ പിടിച്ചുനിന്നു. മാവോവാദികള്‍ക്ക് കൊറിയറായി പ്രവര്‍ത്തിച്ചുവെന്ന കാരണം പറഞ്ഞാണ് ഡോ. സെന്നിനെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റുകളെ നേരിടാന്‍ എന്ന പേരില്‍ രൂപം കൊടുത്ത സല്‍വ ജുദുമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബിനായക് സെന്‍ പോരാടിയപ്പോള്‍ ഇലിനയും ഒപ്പമുണ്ടായിരുന്നു. പ്രാണ്‍ഹിത,അപരാജിത എന്നിവര്‍ മക്കളാണ്.