പാലായില്‍ സേവാഭാരതി സേവാമൃതമാണ്.

കനത്ത മഴയില്‍ വിറങ്ങലിച്ച പാലായില്‍ മീനച്ചിലാറും – കൈതോടുകളും നിറഞ്ഞൊഴുകുമ്പോള്‍ ദുരിതത്തിലായ പാല ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സേവാമൃത പുണ്യമായി നടത്തുന്ന പ്രഭാതഭക്ഷണ വിതരണമാണ് ശ്രദ്ധേമാകുന്നത്.
ആഹാരം തയ്യാറാക്കുന്നതും,വിതരണവുമെല്ലാം വലിയ പ്രതിസന്ധികളായിട്ടും അതെല്ലാം തരണം ചെയ്താണ് ദിവസം നൂറു കണക്കിന് പേര്‍ക്ക് ഭക്ഷണം നല്‍കുന്നത്.അപകടകരമായ ഏതു സാഹചര്യത്തേയും യുക്തിപൂര്‍വ്വം സധൈര്യം നേരിടുന്ന സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രതിദിന ശാഖയില്‍ നിന്നും പഠിച്ച സേവനമെന്നതേ യുഗധര്‍മ്മം എന്ന ആപ്തവാക്യമാണ് എന്നും പ്രചോദനമാകുന്നത്. ഈ ദുരിത കാലത്തും പാലാ ജനറല്‍ ആശുപത്രിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ക്ക് മുന്നില്‍ രക്ഷകരായി ആഹാരവുമായി എത്തുന്ന സേവാഭാരതിയുടെ പ്രഭാതഭക്ഷണ വിതരണം പദ്ധതിയായ സേവാമൃതം മാതൃകയായിത്തീരുകയാണ് .

പാലാ ആശുപത്രിക്ക് സമീപം തയ്യാറാക്കിയിരുന്ന ഭക്ഷണം 15 കിലോമീറ്ററോളം ദൂരത്തേക്ക് മാറ്റിയെങ്കിലും പതിവ് പോലെ രാവിലെ7:30 തന്നെ പാലാ ജനറല്‍ ആശുപത്രിയില്‍ ഭക്ഷണം എത്തിക്കുന്നതാണ് രോഗികള്‍ക്ക് ഏറെ ആശ്വാസം. ഭക്ഷണം വിതരണം ചെയ്യാന്‍ മീനച്ചിലാര്‍ നീന്തിയും മുരിക്കുമ്പുഴയില്‍ അരക്കൊപ്പം വെള്ളത്തില്‍ നടന്നും എത്തുന്ന സേവാഭാരതി പ്രവര്‍ത്തകരായ, രതീഷ്, മനു, ഗിരീഷ് തുടങ്ങിയവര്‍ യുവാക്കള്‍ക്കും മാതൃകയാണ്.