ദക്ഷിണ കൊറിയയില്‍ ഗവേഷക വിദ്യാര്‍ഥിനിയായിരുന്ന ലീജ ജോസ് (28) ആണ് വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചത്. ഇടുക്കി വാഴത്തോപ്പ് മണിമലയില്‍ ജോസിന്റെയും ഷെര്‍ലിയുടെയും മകളാണ്. നാല് വര്‍ഷമായി ദക്ഷിണകൊറിയയില്‍ ഗവേഷക വിദ്യാര്‍ഥിയായ യുവതി ഫെബ്രുവരിയില്‍ അവധിക്കായി നാട്ടിലെത്തിയിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍നിശ്ചയിച്ച പ്രകാരം മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്ന് ഇക്കഴിഞ്ഞ ആറാം തീയതിയാണ് ദക്ഷിണ കൊറിയയിലേക്ക് മടങ്ങിയത്.
സെപ്റ്റംബറില്‍ വിസാ കാലാവധി തീരുന്നതില്‍ അതിനു മുമ്പ് കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയായിരുന്നു മടങ്ങിപ്പോയത്. ദക്ഷിണ കൊറിയയിലെത്തി പതിനാല് ദിവസം ക്വാറന്റൈനില്‍ കഴിയുകയും ചെയ്തിരുന്നു. ഇതിനിടെ ചെവി വേദനയും ശരീര വേദനയും അനുഭവപ്പെട്ടെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമായില്ലെന്നാണ് പറയപ്പെടുന്നത്.
ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ് ചികിത്സ തേടിയെങ്കിലും നില മെച്ചമാകാത്തതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിച്ചത്. ഇതിനായി വ്യാഴാഴ്ച വൈകിട്ടോടെ വിമാനത്താവളത്തിലെത്തിയ ലീജ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ മൃതദേഹം ഇവിടെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
എംപിമാരായ ഡീന്‍ കുര്യാക്കോസ്, അല്‍ഫോണ്‍സ് കണ്ണന്താനം, റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്നിവര്‍ വഴി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.