കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സാനിറ്റൈസര്‍ അകത്തുചെന്ന് അവശനിലയില്‍. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ഷിബുവിനെയാണ് (46) പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ചൊവ്വാഴ്ച വൈകീട്ട് 7.30നാണ് ഷിബു കാസര്‍കോട്ടത്തിയത്. കാസര്‍കോട്ട് 53 എം. പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഡ്രൈവറുടെ അഭാവം ഉണ്ടായിരുന്നു.ഇത് പരിഹരിക്കാനാണ് ഷിബുവിന് താല്‍ക്കാലിക സ്ഥലംമാറ്റം നല്‍കിയത്. തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്റ് സോണില്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മൂന്നുദിവസമായി കെ.എസ്.ആര്‍.ടി.സി അടച്ചിട്ടിരിക്കുകയാണ്.
ഇതറിയാതെയാണ് ഷിബു കാസര്‍കോട്ടത്തിയത്. ഡിപ്പോയിലെത്തിയ ഷിബുവിന് അവിടെ ആരെയും കാണാന്‍ പറ്റിയില്ല. ഉടന്‍ സമീപത്തെ പൊലീസ് സ്‌റ്റേഷനില്‍പോയി, തനിക്ക് കോവിഡാണെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും പറഞ്ഞു. പിന്നീട് ഇദ്ദേഹം കെ.എസ്.ആര്‍.ടി.സിക്കു സമീപത്തെ ലോഡ്ജിലേക്ക് പോയി.ഇവിടെ നിന്ന് സാനിറ്റൈസര്‍ കുടിച്ച് അവശനായ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പറയുന്നു. അവശനിലയിലായ ഷിബുവിനെ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കുകയും അവിടെ നിന്നും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.