Wednesday, February 21, 2024
keralaNewsObituary

ഡോ. എം കുഞ്ഞാമന് വിട

തിരുവനന്തപുരം: ദളിത് ചിന്തകനും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഡോ. എം കുഞ്ഞാമന് വിട. ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാതി വിവേചനത്തിനെതിരെ പടപൊരുതി രാജ്യത്തെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനിലേക്കുള്ള ഡോ. എം കുഞ്ഞാമന്റെ ജീവിതം സംഭവ ബഹുലമായിരുന്നു.

എം എ ഒന്നാം റാങ്ക് കിട്ടിയപ്പോള്‍ സര്‍ക്കാര്‍ സമ്മാനിച്ച സ്വര്‍ണ്ണ മെഡല്‍ പട്ടിണി കാരണം വില്‍ക്കേണ്ടിവന്നതടക്കമുള്ള ഒരുപാട് ദുരനുഭവങ്ങള്‍ അനുഭവകഥയില്‍ കുഞ്ഞാമന്‍ എഴുതിയിരുന്നു. കേരള സര്‍വ്വകലാശാലയിലെ ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ ഒന്നാം റാങ്ക് നേടിയിട്ടും ജോലിക്കും തടസ്സമായി ജാതി. പിന്നീട് ഇതേ സര്‍വ്വകലാശാലയില്‍ 27 വര്‍ഷം അധ്യാപകന്‍. പ്രമുഖരായ ശിഷ്യര്‍..കാര്യവട്ടത്ത് നിന്നും മുംബെയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പ്രൊഫസറായി. സാമ്പത്തിക ശാസ്ത്രത്തിലെ വികസനോന്മുഖ കാഴ്ചപ്പാടായിരുന്നു എ്‌നും മുന്നോട്ട് വെച്ചത്.

ഇടതിനോട് ആഭിമുഖ്യമുള്ളപ്പോഴും വിയോജിപ്പുകള്‍ തുറന്നുപറയാനും ഒട്ടും മടിച്ചില്ല. കേരളത്തിലെ സമീപകാല ദളിത് പോരാട്ടങ്ങളിലെല്ലാം പിന്തുണയുമായി കുഞ്ഞാമന്‍ നിലയുറപ്പിച്ചു. ജാതീയതക്കെതരായ പോരാട്ടമായ ജീവചരിത്രത്തിന് കഴിഞ്ഞ വര്‍ഷം കേരള സാഹിത്യ അക്കാദമി അവാഡ് കിട്ടിയെങ്കിലും അവാര്‍ഡ് നിരസിച്ചു. ഒരു മനുഷ്യന്‍ താന്‍ ജനിച്ച ജാതിയുടെ പേരില്‍ എത്രമാത്രം അവഗണിക്കപ്പെട്ടന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു കുഞ്ഞാമന്റെ ജീവിതം.

അതേസമയം ഏത് വെല്ലുവിളികളെയും പോരാടി തോല്പിക്കാമെന്ന് തെളിയിച്ചതിന്റെും ഇതിലും മികച്ച മാതൃകയുമില്ല.ജന്മിമാരുടെ വീട്ടിലെ തൊടിയില്‍ മണ്ണ് കുഴിച്ച് ഇലയിട്ട് തരുന്ന കഞ്ഞിയും എച്ചിലും തിന്ന കാലം. സ്‌കൂളില്‍ ജാതിപ്പേര് മാത്രം വിളിച്ച് പരിഹസിച്ച അധ്യാപകനോട് പേര് വിളിക്കാന്‍ പറഞ്ഞപ്പോള്‍ മുഖത്തടിയേറ്റ അനുഭവം. കരഞ്ഞ് വീട്ടിലെത്തിയപ്പോള്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല മകനെ, നന്നായി വായിച്ചുപഠിക്കൂ എന്ന് അമ്മ. കഞ്ഞി കുടിക്കാനല്ല സ്‌കൂളില്‍ പോകുന്നതെന്ന് അമ്മ നല്‍കിയ തിരിച്ചറിവാണ് കുഞ്ഞാമനെ ലോകമറിയുന്ന നിലയിലേക്കെത്തിച്ചത്.

കെആര്‍ നാരായണന് ശേഷം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ എം എ ജയിച്ച ദളിത് വിദ്യാര്‍ത്ഥി. അന്ന് മന്ത്രിമാര്‍ സമ്മാനിച്ച സ്വര്‍ണ്ണമെഡല്‍ പാലക്കാട്ടെ വാടാനകുറിശ്ശിയില വീട്ടിലെത്തിയതിന്റെ പിറ്റേന്ന് പണയം വെച്ചു. പത്ത് ദിവസം കഴിഞ്ഞ് വിറ്റു. അത്ര മേല്‍ ഉണ്ടായിരുന്ന പട്ടിണിയെ ചെറുത്തായിരുന്നു പഠനവും പോരാട്ടവും.