ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികള്‍ നിയമപ്രകാരമാണെന്നും സര്‍ക്കാര്‍ ഭൂമിയാണിതെന്നതിനാലാണ് നഷ്ടപരിഹാരം നല്‍കാത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ വാദത്തിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഭൂമി ഏറ്റെടുക്കാന്‍ കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെ ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നു. സര്‍ക്കാര്‍ ഭൂമി മറ്റൊരാളുടെ കൈവശമാണെന്നു കണ്ടെത്തിയതു കൊണ്ടാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഭൂമിയാണെങ്കില്‍ ഏറ്റെടുക്കേണ്ടതുണ്ടോയെന്നതായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഏറ്റെടുക്കുന്നത് എതിര്‍ക്കുന്നില്ലെന്നും നഷ്ടപരിഹാരം നല്‍കില്ലെന്ന നിലപാടിനെയാണ് ചോദ്യം ചെയ്യുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിശദമായ വാദത്തിനായി സിംഗിള്‍ബെഞ്ച് ഹര്‍ജി സെപ്തംബര്‍ 11ലേക്ക് മാറ്റി. തുടര്‍ നടപടികള്‍ സ്റ്റേചെയ്ത ഇടക്കാല ഉത്തരവ് അതുവരെ നീട്ടി.
