ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം; ഹിന്ദു ഐക്യവേദിയും കക്ഷി ചേര്‍ന്നു

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ സഭയുടെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് പാലാ കോടതിയിലുള്ള 72/2019 എന്ന നമ്പര്‍ സിവില്‍ കേസില്‍ ഹിന്ദു ഐക്യവേദിയും കക്ഷി ചേര്‍ന്നു.ഹിന്ദു ഐക്യവേദിയ്ക്ക് വേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജുവാണ് കോടതിയില്‍ കേസില്‍ കക്ഷി ചേര്‍ന്നത്.
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ സഭയുടെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ സഭാ വിശ്വാസികളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപെട്ടാണ് ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സേവ് ഫോറം കക്ഷി ചേര്‍ന്നിരിക്കുന്നത്.ഫോറത്തിനു വേണ്ടി പ്രസിഡന്റ് അഡ്വ.സ്റ്റീഫന്‍ ഐസക്ക് വിശ്വാസികള്‍ക്കു വേണ്ടി ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള എന്നിവരാണ് കോടതിയില്‍ പ്രത്യേകം ഹര്‍ജി സമര്‍പ്പിച്ചത്.
സഭയുടെ സ്വത്ത് എന്ന് അംഗീകരിച്ചുകൊണ്ടുള്ള ക്രയവിക്രയങ്ങള്‍ക്ക് മാത്രമേ നിയമ സാധുത നല്‍കാവൂ എന്നും ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സേവ് ഫോറം ആവശ്യപെട്ടു.കേസ് സെപ്റ്റംബര്‍ 21 ലേക്ക് മാറ്റി.
വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റി ,അഖില കേരള ഭൂരഹിത കര്‍ഷക തൊഴിലാളി സംഘം ,ഭൂസമര മുന്നണി, പഞ്ചിമഘട്ട സംരംക്ഷണ സമിതി എന്നീ സംഘടനകളും കക്ഷി ചേര്‍ന്നിട്ടുണ്ട്.