ഗാന്ധിജിക്ക് ആദരം; ബ്രിട്ടീഷ് സര്‍ക്കാര്‍ നാണയം പുറത്തിറക്കും.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടത്തോട് പോരാടിയായ മഹാത്മാഗാന്ധിജിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ ആദരമായി നാണയം പുറത്തിറക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15-നായിരിക്കും നാണയം പുറത്തിറക്കുക. കറുത്തവര്‍ഗക്കാരുടെയും ഏഷ്യന്‍ വംശജരുടെയും സംഭാവനകള്‍ ഏറെ അംഗീകരിക്കപ്പെടുന്ന സമയത്താണ് മഹാത്മാ ഗാന്ധിയ്ക്കും സ്മാരക നാണയം ഒരുങ്ങുന്നത്.
സമൂഹത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ ഏഷ്യന്‍ വംശജരെയും കറുത്ത വര്‍ഗക്കാരെയും ആദരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് ധനകാര്യ മന്ത്രി റിഷി സുനാക് റോയല്‍ മിന്റ് അഡൈ്വവസറി കമ്മിറ്റിക്ക് കത്തയച്ചിട്ടുണ്ട്. ബ്രിട്ടന്റെ നാണയങ്ങളുടെ രൂപവും ഘടനയും നിര്‍ണയിക്കുന്ന സ്വതന്ത്ര സമിതിയാണ് റോയല്‍ മിന്റ് അഡൈ്വവസറി കമ്മിറ്റി. മഹാത്മാ ഗാന്ധിയുടെ പേരിലുള്ള നാണയം പുറത്തിറക്കാന്‍ റോയല്‍ മിന്റ് അഡൈ്വവസറി കമ്മിറ്റി തീരുമാനിച്ചതായി യുകെ ട്രഷറി പ്രസ്താവനയില്‍ അറിയിച്ചു.
അമേരിക്കയില്‍ ജോര്‍ജ് ഫ്‌ലോയ്ഡ് എന്ന കറുത്തവര്‍ഗക്കാരനെ വെള്ളക്കാരനായ പോലീസുകാരന്‍ കൊലപ്പെടുത്തിയതിന് പിന്നാലെ ലോകം മുഴുവന്‍ വര്‍ണ വിവേചനത്തിനെതിരായ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. ഫ്ലോയിഡിന്റെ കൊലയ്ക്ക് ശേഷം അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനിലും പ്രക്ഷോഭം ശക്തമായിരുന്നു.