കേരളത്തില്‍ സമൂഹ വ്യാപന ആശങ്കക്ക് പുറമെ; വെന്റിലേറ്ററുകള്‍ക്ക് ക്ഷാമവും

കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലെത്തുന്നത് ഏഴുമാസം പിടിച്ചു നിര്‍ത്തിയ കേരളത്തിന് ഇനിയുള്ള വെല്ലുവിളി ഇപ്പോഴത്തെ ഞെട്ടിക്കുന്ന വേഗത്തിലുള്ള വൈറസ് വ്യാപനമാണ്.ആഗസ്ത് 19 ന് 50,000 തികഞ്ഞ രോഗികളുടെ എണ്ണം പിന്നീട് വെറും മൂന്നാഴ്ച കൊണ്ടാണ് ഒരു ലക്ഷം കടന്നത്. കൂടുതല്‍ ഇടങ്ങളില്‍ സമൂഹ വ്യാപന ആശങ്കക്ക് പുറമെ, വെന്റിലേറ്ററുകള്‍ക്ക് അടക്കം ക്ഷാമം ഉണ്ടായെക്കുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പും ഈ പശ്ചാത്തലത്തിലാണ്.
ജനുവരി 30ന് ഇന്ത്യയിലെ തന്നെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതില്‍ തുടങ്ങി 3 ഘട്ടങ്ങളും പിന്നിട്ട് കേരളം പൊരുതുന്നത് മരണനിരക്ക് പിടിച്ചു നിര്‍ത്തിയാണ്. 20 ലക്ഷത്തിലധികം പേരെ പരിശോധിച്ചു.
7 മാസം വിശ്രമമില്ലാത്ത പരിശോധന, നിരീക്ഷണം, സമ്പര്‍ക്ക പട്ടിക കണ്ടെത്തല്‍, ചികിത്സ നടപടികള്‍. രാജ്യത്തു ആദ്യമായി സമൂഹവ്യാപനവും കേരളം സ്ഥിരീകരിച്ചു. ആഗസ്ത് 19 നാണ് കേരളത്തില്‍ ആകെ രോഗികള്‍ 50,000 കടന്നത്. എന്നാല്‍ ഏഴു മാസത്തെയും മറികടന്ന കുതിപ്പുമായി പിന്നീട് 22 ദിവസം കൊണ്ട് രോഗികള്‍ ഒരു ലക്ഷവും കടന്നു.മരണനിരക്കും മുകളിലേക്കാണ്. കഴിഞ്ഞ 11 ദിവസത്തിനിടെ 116 മരണങ്ങളാണുണ്ടായത്. വ്യാപനം പൂര്‍ണമായി സമ്പര്‍ക്കത്തിലേക്ക് മാറുകയാണ് എന്നതാണ് അപകടം. കൂടുതല്‍ ഇടങ്ങളില്‍ സമൂഹ വ്യാപനം നടന്നിരിക്കാമെന്നാണ് വിലയിരുത്തല്‍.