എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി സമാധിയായി.

എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി സമാധിയായി. 79 വയസ്സായിരുന്നു. കാസര്‍ഗോഡ് എടനീര്‍ മഠത്തില്‍വച്ച് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അന്ത്യം. വര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം.ഇഎംഎസ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച വ്യക്തിയാണ് സ്വാമി കേശവാനന്ദ. സ്വതന്ത്ര ഇന്ത്യയിലെ ഏറെ സുപ്രധാനമായ കേസായിരുന്നു ഇത്.
പൗരന്റെ മൗലികാവകാശം ലംഘിക്കുന്നതിനു പാര്‍ലമെന്റിനു പരമാധികാരമില്ലെന്ന സുപ്രീം കോടതി വിധി നേടിയെടുത്ത ഹര്‍ജിക്കാരനാണ് കേശവാനന്ദ ഭാരതി. ഭൂപരിഷ്‌കരണ നിയമത്തിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഈ വിധി നേടിയെടുത്തത്.പില്‍ക്കാലത്ത് പല കോടതി വ്യവഹാരങ്ങളിലും ഈ വിധി പരാമര്‍ശിക്കപ്പെട്ടു.
കേരളസര്‍ക്കാരിനെയും മറ്റും എതിര്‍കക്ഷിയാക്കി 1970 മാര്‍ച്ച് 21നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാദം നടന്ന കേസാണിത്. 68 ദിവസം വാദം നടന്നു. കേശവാനന്ദ ഭാരതി കേസ് പരാമര്‍ശിച്ചുള്ള ഒട്ടേറെ വിധികള്‍ പിന്നീടുണ്ടായി.സ്വത്തവകാശം മൗലികാവകാശമാണോ എന്ന തര്‍ക്കം ഈ കേസില്‍ പാര്‍ലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി പരിണമിച്ചു. ഭരണഘടനയില്‍ നിന്നാണ് പാര്‍ലമെന്റ് തന്നെ ഉണ്ടാകുന്നത്. അങ്ങനെയുള്ളപ്പോള്‍ പാര്‍ലമെന്റിനു ഭരണഘടന ഭേദഗതി ചെയ്യാന്‍ സാധിക്കുമോ എന്നതായിരുന്നു ഈ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രധാന ചോദ്യം.ഭൂപരിഷ്‌കരണ നിയമപ്രകാരം കാസര്‍ഗോഡിന് സമീപമുള്ള എടനീര്‍ മഠത്തിന്റെ സ്വത്തുക്കള്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്തതായിരുന്നു കേസിന്റെ ആരംഭം. കേസില്‍ വിധി പറഞ്ഞുകൊണ്ട് പൊതുആവശ്യങ്ങള്‍ക്ക് വേണ്ടിയും ഭരണഘടനയുടെ ഭാഗം നാലില്‍ പറയുന്ന നിര്‍ദേശക തത്വങ്ങളുടെ നടപ്പാക്കലിനായും രാഷ്ട്രത്തിന് സ്വത്തവകാശം എന്ന മൗലികാവകാശത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് കോടതി വിധിച്ചു. 13 അംഗ ബഞ്ചാണ് കേസില്‍ വാദം കേട്ടത്.