ഉരുൾപൊട്ടലിൽ ഒഴുകിവന്ന രണ്ട് പേരെ രക്ഷപ്പെടുത്തി കെഎസ്ആർടിസി ജീവനക്കാർ.

എരുമേലി: മലയോരമേഖലയിലെ പുല്ലുപാറയില്‍ ഇന്നലെ ഉണ്ടായ ഉരുൾപൊട്ടലിൽപ്പെട്ട് ഒഴുകി വന്ന കുട്ടിയുൾപ്പെടുന്ന നോർത്ത് ഇന്ത്യക്കാരായ ടൂറിസ്റ്റ് കുടുംബത്തെ അതിസാഹസികമായി രക്ഷപ്പെടുത്തി  എരുമേലി കെഎസ്ആർടിസി ജീവനക്കാർ .എരുമേലി ഡിപ്പോയിലെ കണങ്കവയൽ ബസിലെ ജീവനക്കാരായ കണ്ടക്ടർ ജെയ്സൺ ജോസഫ് , ഡ്രൈവർ കെ. റ്റി തോമസ് എന്നിവരാണ് വെള്ളത്തിൽ ഒഴുകി വന്ന ഇവരെ  രക്ഷപ്പെടുത്തിയത്.ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം . പാഞ്ചാലിമേട് നിന്നും എരുമേലിയിലേക്ക് വരുന്നതിനിടെ പുല്ലുപാറയില്‍
ഉരുൾ പൊട്ടലിൽ വെള്ളവും പാറയും മണ്ണും ഒഴുകി വന്നതിനെ തുടർന്ന്  മറ്റു വാഹനങ്ങൾക്കൊപ്പം ബസും നിർത്തിയിട്ട ശേഷം  ഉരുൾ പൊട്ടലിന്റെ ചിത്രം മൊബൈൽ  പകർത്തുകയായിരുന്നു.  ഇതിനിടെ ബസിന്റെ പിന്നിൽ നിന്നും ഉരുൾപൊട്ടലിൽ  ഒഴുകി വന്ന ഒരാൾ കുട്ടിയേയും പിടിച്ച് ബിസിന്റെ പിന്നിലെടയറിൽ പിടിച്ച് കിടക്കുന്നത് കാണുകയായിരുന്നുവെന്നും ജെയ്സൺ ജോസഫ്  പറഞ്ഞു. മരണത്തെ മുഖാമുഖം  കണ്ട്  ഭയന്ന് വിറച്ച ഇവരെ ഉടനെ ബസിൽ നിന്ന് ചാടിയിറങ്ങി ഇവരെ രക്ഷപ്പെടുത്തി ബസിനുള്ളിൽ കയറ്റിയപ്പോഴാണ് മറ്റൊരാളും ഉണ്ടെന്ന് ഇവർ പറഞ്ഞത്.തുടർന്ന് നടത്തിയ തിരച്ചലിൽ മറ്റ് രണ്ട് വാഹനങ്ങൾക്ക് പിന്നിലായി ഇവർ തന്നെ സഞ്ചരിച്ച കാറിന്റെ അടിയിൽപ്പെട്ട് കിടക്കുകയായിരുന്ന കുട്ടിയുടെ അമ്മയെ കണ്ടെത്തുകയായിരുന്നു.  കാറിന്റെ ടയറിൽ കുടുങ്ങിയ ഇവരെ മറ്റ്  നാട്ടുകാരും ചേർന്ന് കാർ പൊക്കിയാണ് രക്ഷപ്പെടുത്തിയത്.