അവസാന ആശ്രയമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിയ്ക്കാനൊരുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയവരാണ് പെന്‍ഷനില്ലാതെ ദുരിതം നേരിടുന്നത്. പ്രതിമാസം നിശ്ചിത ശതമാനം തുക പെന്‍ഷനായി ശമ്പളത്തില്‍ നിന്നും മാനേജ്‌മെന്റ് പിടിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നില്ല എന്നതാണ് കാരണം. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനമാണ് പെന്‍ഷനായി പിടിക്കുന്നത്.
2013 ഏപ്രില്‍ ഒന്നിന് ശേഷം സര്‍വീസില്‍ പ്രവേശിച്ച 10394 ജീവനക്കാരാണ് പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ തന്നെ പകുതിയോളം പേര്‍ക്ക് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ അക്കൗണ്ട് പോലും ഇതുവരെ തുറക്കപ്പെട്ടിട്ടില്ല.ജീവനക്കാരില്‍ നിന്നും പിടിക്കുന്ന തുകയുടെ അത്രതന്നെ മാനേജ്‌മെന്റും ചേര്‍ത്താണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കേണ്ടത്. എന്നാല്‍ നഷ്ടങ്ങളുടെ കുത്തൊഴുക്കില്‍ പെട്ട കെ.എസ്.ആര്‍.ടി.സിക്ക് പലപ്പോഴും ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ല. ഓരോ മാസവും നാല് കോടിയോളം രൂപയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ അടയ്‌ക്കേണ്ടത്. ഇപ്പോള്‍ ഇത് ഏകദേശം 155 കോടിയുടെ ഭാരമായി മാനേജ്‌മെന്റിന് മാറിയിരിക്കുകയാണ്.