ഇന്ന് അയോധ്യയില്‍ ഭൂമി പൂജയും തറക്കല്ലിടലും നടക്കുമ്പോള്‍ 81 വയസുകാരിയായ ഊര്‍മിള ചതുര്‍വേദി 28 വര്‍ഷത്തിന് ശേഷം ഭക്ഷണം കഴിക്കും. 1992ല്‍ അയോധ്യയിലെ തര്‍ക്ക ഭൂമിയിലുണ്ടായ പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് ഇവര്‍ ഉപവാസം തുടങ്ങിയത്. അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മാണം ആരംഭിക്കുമ്പോള്‍ മാത്രമേ ഇനി താന്‍ ആഹാരം കഴിക്കൂ എന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. രാമായണം വായിച്ചും പ്രാര്‍ഥനകള്‍ നടത്തിയും പഴങ്ങള്‍ മാത്രം കഴിച്ചാണ് ഇവര്‍ ജീവിച്ചത്. 53 വയസുള്ളപ്പോഴാണ് ഊര്‍മിള ഉപവാസം ആരംഭിച്ചത്. ബന്ധുക്കള്‍ ഉപവാസം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും തന്റെ പ്രതിജ്ഞയില്‍ അവര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
തര്‍ക്ക പ്രദേശത്ത് രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവാദം നല്‍കിയ സുപ്രീം കോടതിയുടെ വിധിയില്‍ അവര്‍ അതീവ സന്തോഷവതിയായിരുന്നു. പിന്നാലെ വിധി പുറപ്പെടുവിച്ച ജഡ്ജിമാരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അഭിനന്ദിച്ച് അവര്‍ കത്തുമയച്ചു.അയോധ്യയില്‍ പോയി സരയൂ നദിയില്‍ കുളിച്ച് ശ്രീരാമന്റെ അനുഗ്രഹം വാങ്ങിയ ശേഷം ഉപവാസം അവസാനിപ്പിക്കാനാണ് ഊര്‍മിളയുടെ ആഗ്രഹം. ഊര്‍മിളയുടെ ഉപവാസത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും അഭിനന്ദിച്ചിരുന്നു.