Monday, May 6, 2024
keralaNews

വയനാട്ടില്‍ കടുവാ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ മകന് താല്‍ക്കാലിക ജോലി;മൃതദേഹം ഏറ്റുവാങ്ങി സംസ്‌ക്കരിക്കും

കല്‍പ്പറ്റ : വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്‍ തോമസിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കാന്‍ ധാരണ. ആക്ഷന്‍ കമ്മറ്റി ഭാരവാഹികളുമായി ജില്ലാ കളക്ടര്‍ എ ഗീത നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സ്ഥിര ജോലിക്കുള്ള ശുപാര്‍ശ മന്ത്രിസഭക്ക് നല്‍കും. നഷ്ടപരിഹാരമായി 10 ലക്ഷം ഇന്നും നാളെയുമായി കൊടുക്കും. 40 ലക്ഷം കൂടി നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. കടുവയെ പിടിക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കാനും ചര്‍ച്ചയില്‍ ധാരണയായി. കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായ സാഹചര്യത്തില്‍ തോമസിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌ക്കരിക്കും.

കടുവയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കടുവ സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ വെള്ളാരംകുന്നില്‍ നൂറിലേറെ വനപാലക സംഘമാണ് ക്യാമ്പ് ചെയ്യുന്നത്. അഞ്ച് നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിച്ചു. ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. കടുവ ഉള്‍വനത്തിലേക്ക് കടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.